Thursday, September 29, 2016




























NCC NSS College, Manjeri- Aims and Objectives

ഇന്ത്യന്‍ കരസേന
1.  ചരിത്രംഇന്ത്യന്‍ കരസേനഇന്ത്യന്‍ സേനയിലെ മൂന്നു പ്രമുഖ വിഭാഗങ്ങളിലൊന്ന്‌.
ചരിത്രം: ഭാരതീയ പുരാണേതിഹാസങ്ങളിൽ സായുധസേനാഘടകങ്ങളെപ്പറ്റിയുള്ള നിരവധി പരാമർശങ്ങള്‍ ഉണ്ട്‌. ഇവയിൽ ചതുരംഗസേന-രഥം, ഗജം, അശ്വം, പദാതി എന്നിവ ഉള്‍പ്പെട്ട സൈന്യം-എല്ലാ മഹായുദ്ധങ്ങളിലും പങ്കെടുത്തിരുന്നതായി കാണാം. യജുർവേദത്തിൽ യുദ്ധപരിശീലനത്തെക്കുറിച്ചുള്ള വിശദമായ പ്രതിപാദനങ്ങളുണ്ട്‌.
ആയുധങ്ങള്‍ മുക്ത, അമുക്ത, മുക്താമുക്ത, യന്ത്രമുക്ത എന്നിങ്ങനെ വിവിധതരത്തിൽ വർഗീകരിക്കപ്പെട്ടിരിക്കുന്നു. അസ്‌ത്രശസ്‌ത്രങ്ങള്‍, ദന്തകാന്ത, ശക്തി, നളിക, ചക്രം, വജ്രം, പരശു, വാള്‍, പരിച, ഗദ, മുഷ്‌ടിക തുടങ്ങിയ നിരവധിതരം ആയുധങ്ങളെപ്പറ്റിയും പ്രസ്‌താവിച്ചിട്ടുണ്ട്‌. രാമരാവണയുദ്ധത്തിലും കൗരവപാണ്ഡവയുദ്ധത്തിലും മേൽവിവരിച്ച ആയുധങ്ങള്‍ ഉപയോഗിച്ചതായും പലവിധ യുദ്ധമുറകളും അടവുകളും തന്ത്രങ്ങളും പ്രയോഗിച്ചുവന്നതായും വർണിച്ചു കാണുന്നു. ബി.സി. 326-ൽ ഗ്രീക്‌രാജാവായ അലക്‌സാണ്ടർ ഇന്ത്യയെ ആക്രമിച്ചകാലത്ത്‌ അദ്ദേഹത്തോട്‌ നേരിട്ട്‌ യുദ്ധംചെയ്‌ത പോറസ്സിന്റെ (പൂരു) സേന ഒരു ലക്ഷത്തിലധികം വരുന്ന ഒന്നായിരുന്നുവെന്ന്‌ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഹർഷന്റെ സേനയിൽ 50,000 പടകായ (കാലാള്‍), 20,000 അശ്വകായ (അശ്വസേന), 5,000 ഹസ്‌തികായ (ഗജസേന) തുടങ്ങിയ വിഭാഗങ്ങള്‍ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു.
മുഗള്‍സാമ്രാജ്യകാലത്ത്‌ വമ്പിച്ച അശ്വസേനയും പീരങ്കിപ്പടയും ഉണ്ടായിരുന്നു. അറംഗസീബിന്റെ സേനയെ എതിരിട്ട ശിവജിയുടെ ഭടന്മാർ കരയുദ്ധത്തിലും കടൽയുദ്ധത്തിലും പ്രാവീണ്യം നേടിയവരായിരുന്നു. ഇന്ത്യയിൽ ആദ്യമായി ഗറില്ലായുദ്ധമുറകള്‍ വിപുലമായി പയറ്റിയ സേനയും ശിവജിയുടേതായിരുന്നു.
ടിപ്പുസുൽത്താന്റെ സേനാവിഭാഗത്തിന്റെ യുദ്ധമുറകളും അവർ ബ്രിട്ടീഷ്‌പട്ടാളവുമായി നടത്തിയ സാഹസികയുദ്ധങ്ങളും കരസേനയെ സംബന്ധിച്ചിടത്തോളം പഠനാർഹങ്ങളാണ്‌. ഇന്ത്യയിൽ ആധിപത്യം പുലർത്തിയ പോർച്ചുഗീസ്‌, ഫ്രഞ്ച്‌, ബ്രിട്ടീഷ്‌ തുടങ്ങിയ വിദേശശക്തികളും സായുധസേനാവിഭാഗങ്ങളെ നിഷ്‌കർഷയോടെ നിലനിർത്തുകയുണ്ടായി. ബ്രിട്ടീഷ്‌ ഭരണത്തിന്റെ ആരംഭകാലത്താണ്‌ (18-ാം ശ.) ആധുനികരീതിയിൽ സംഘടിപ്പിക്കപ്പെട്ട ഇന്ത്യന്‍ കരസേനാവിഭാഗം രൂപപ്പെട്ടുവന്നത്‌; ഇതിൽ ബ്രിട്ടീഷുകാരും ഇന്ത്യാക്കാരും ഉണ്ടായിരുന്നു. ഇന്ത്യാ-പാകിസ്‌താന്‍ വിഭജനത്തെത്തുടർന്ന്‌ നിലവിലുണ്ടായിരുന്ന സേനയെ രണ്ടായി വിഭജിച്ച്‌ അതിൽ ഒരു വിഭാഗം പാകിസ്‌താനു വിട്ടുകൊടുത്തു. സ്വാതന്ത്യ്രലബ്‌ധിക്കുശേഷവും കുറച്ചുകാലത്തേക്കുകൂടി ഇന്ത്യന്‍ കരസേനയിൽ ബ്രിട്ടീഷുകാർ തുടർന്നുപോന്നു; എന്നാൽ കുറച്ചു മാസങ്ങള്‍ക്കുശേഷം ബ്രിട്ടീഷ്‌ ഭടന്മാരെ തിരിച്ചയച്ചു. ഇന്ത്യന്‍ കരസേനയുടെ തലവന്മാരായി ബ്രിട്ടീഷുകാരായ ജനറൽ ഓഷിന്‍ ലക്ക്‌, ജനറൽ ലോക്ക്‌ ഹാർട്ട്‌, ജനറൽ ബുച്ചർ എന്നിവർ യഥാക്രമം തുടരുകയുണ്ടായി. 1949 ജനുവരിയിൽ സർവസൈന്യാധിപനായി ഇന്ത്യക്കാരനായ ജനറൽ കെ.എം. കരിയപ്പയെ നിയമിക്കുകയും അങ്ങനെ ഇന്ത്യന്‍ കരസേന പരിപൂർണമായും ഭാരതീയമാവുകയും ചെയ്‌തു. സ്വാതന്ത്യ്രലബ്‌ധിവരെ വിവിധ നാട്ടുരാജ്യങ്ങള്‍ പുലർത്തിവന്നിരുന്ന സേനാഘടകങ്ങള്‍ പിന്നീട്‌ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായിത്തീർന്നു. ഇന്ത്യന്‍ കരസേന ഒന്നും രണ്ടും ലോകയുദ്ധങ്ങളിൽ വളരെ പ്രശസ്‌തമായ നിലയിൽ പങ്കെടുക്കുകയും ധീരതയ്‌ക്കുള്ള നിരവധി മെഡലുകള്‍ കരസ്ഥമാക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതിൽ വിക്‌ടോറിയാ ക്രാസ്‌, മിലിട്ടറി ക്രാസ്‌, ഡി.എസ്‌.ഒ. തുടങ്ങിയ അത്യുന്നത അവാർഡുകളും പെടുന്നു. സ്വാതന്ത്യ്രലബ്‌ധിക്കുശേഷം പുനഃസംഘടിപ്പിക്കപ്പെട്ട ഇന്ത്യന്‍ കരസേന 1947-48-ൽ കാശ്‌മീർ യുദ്ധത്തിലും 1962-ൽ ഇന്ത്യാ-ചൈന യുദ്ധത്തിലും 1965-ലും 1971-ലും ഇന്ത്യാ-പാകിസ്‌താന്‍ യുദ്ധത്തിലും ധീരമായി പങ്കെടുക്കുകയുണ്ടായി.
ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിനു പുറമേ, വിദേശരാജ്യങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ദൗത്യങ്ങളിലും കരസേന ഏർപ്പെടാറുണ്ട്‌. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക്‌ ഭീഷണിയുയർത്തിയ ഖാലിസ്‌താന്‍വാദികള്‍ക്കെതിരെയുള്ള ഓപ്പറേഷന്‍ ബ്ലൂസ്റ്റാർ നടന്നത്‌ 1984-ലായിരുന്നു. 1987-ലെ ഇന്തോ-ശ്രീലങ്കന്‍ കരാർ പ്രകാരം ശ്രീലങ്കയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യന്‍ കരസേന നിയോഗിക്കപ്പെട്ടിരുന്നു. 1988-ൽ മാലി പ്രസിഡന്റിനെതിരെ നടന്ന അട്ടിമറിശ്രമത്തെ ഇന്ത്യന്‍ കരസേന പരാജയപ്പെടുത്തി. 1999-ലെ കാർഗിൽ യുദ്ധത്തിൽ സ്‌തുത്യർഹമായ സേവനമാണ്‌ കരസേന നൽകിയത്‌.
പ്രകൃതി ദുരന്തങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കും കലാപങ്ങള്‍പോലുള്ള അടിയന്തര സാഹചര്യങ്ങളിലും കരസേനയുടെ സഹായം രാജ്യം തേടാറുണ്ട്‌. മറ്റുചില രാജ്യങ്ങളിലെപ്പോലെ നിർബന്ധ സൈനികസേവനം ഇന്ത്യയിൽ നിലവിലില്ല.
വിഭാഗങ്ങള്‍
ഇന്ത്യന്‍ കരസേനയിൽ റെഗുലർ ആർമി, റിസർവ്‌ ആർമി, ടെറിട്ടോറിയൽ ആർമി എന്നീ മൂന്ന്‌ വിഭാഗങ്ങളുള്‍പ്പെടുന്നു. ഒരു നിശ്ചിതകാലം കരസേനയിൽ സേവനമനുഷ്‌ഠിച്ചതിനുശേഷം നിശ്ചിതകാലയളവിലേക്ക്‌ റിസർവ്‌ വിഭാഗത്തിലേക്കു മാറ്റപ്പെടുന്നതിനെയാണ്‌ റിസർവ്‌ സർവീസ്‌ എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌. ഇവർ കരസേനയിലെ റെഗുലർ സർവീസിൽനിന്നും റിസർവിലേക്കു മാറ്റപ്പെടുമ്പോള്‍ പല ആനുകൂല്യങ്ങള്‍ക്കും അർഹരായിത്തീരുന്നു. കൂടാതെ അവർക്ക്‌ സ്വദേശത്ത്‌ തിരിച്ചെത്തിയാൽ സംസ്ഥാന ഗവണ്‍മെന്റുകളുടെയും സ്വകാര്യ ഏജന്‍സികളുടെയും കീഴിൽ ജോലി സ്വീകരിക്കാവുന്നതാണ്‌; എന്നാൽ റിസർവ്‌ സർവീസ്‌ കാലഘട്ടത്തിൽ ഒരു യുദ്ധമുണ്ടാവുകയാണെങ്കിൽ അവരെ വീണ്ടും ആക്‌റ്റീവ്‌ സർവീസിലേക്കു വിളിക്കുന്നതും അവരുടെ സേവനം ഉപയോഗപ്പെടുത്തുന്നതുമാണ്‌. ഓരോ വർഷവും ആയിരക്കണക്കിന്‌ സൈനികരെ ഇങ്ങനെ റിസർവിലേക്കു മാറ്റുന്ന ഏർപ്പാടുള്ളതിനാൽ പെട്ടെന്ന്‌ രാഷ്‌ട്രത്തിന്‌ ഒരു യുദ്ധത്തിലേക്ക്‌ നീങ്ങേണ്ടിവരുമ്പോള്‍ പരിശീലനം ലഭിച്ച ഇവരെ എളുപ്പത്തിൽ തിരിച്ചുവിളിക്കുന്നതിനും അതുവഴി സൈനിക പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നതിനും സാധിക്കുന്നു. കരസേനയുടെ മറ്റൊരു വിഭാഗമായ ടെറിട്ടോറിയൽ ആർമിയും ഒരു റിസർവ്‌ സേനയാണ്‌. സൈനികേതര രംഗങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാർക്ക്‌ സൈനിക പരിശീലനം നേടാനും സൈന്യത്തോടൊപ്പം പ്രവർത്തിക്കാനും ടെറിട്ടോറിയൽ ആർമിയിൽ അംഗമാകുന്നതിലൂടെ സാധിക്കുന്നു. വർഷന്തോറും ഒരു നിശ്ചിത കാലയളവിൽ ഇവർക്ക്‌ സൈനിക പരിശീലനം നൽകുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ സൈനിക സേവനം നൽകാന്‍ ഇവർ പ്രതിജ്ഞാബദ്ധരാണ്‌. രാഷ്‌ട്രീയം, സിനിമ, കായികം തുടങ്ങിയ രംഗങ്ങളിലെ പല പ്രമുഖ വ്യക്തികളും ഇന്ന്‌ ടെറിട്ടോറിയന്‍ ആർമിയിൽ അംഗങ്ങളുമാണ്‌.
റെഗുലർ ആർമിയിൽ ജവാന്മാർ, ജെ.സി.ഒ.(JCO)മാർ, കമ്മിഷന്‍ഡ്‌ ആഫീസർമാർ തുടങ്ങി വിവിധ റാങ്കുകളിലായി ഏകദേശം 12 ലക്ഷം പേരാണ്‌ ഇന്ന്‌ കരസേനയിലുള്ളത്‌. യുദ്ധരംഗത്തുള്ള വിവിധ പ്രവർത്തനങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടി ഈ സേനയെ പല ഘടകങ്ങളായി തരംതിരിച്ച്‌ പ്രത്യേക പരിശീലനം നല്‌കിപ്പോരുന്നതുകൂടാതെ പൊതുവായ പരിശീലനങ്ങളും നല്‌കിവരുന്നുണ്ട്‌. റെഗുലർ ആർമിയിൽ പല വിഭാഗങ്ങളുണ്ട്‌.
ആർമേഡ്‌കോറും ആർട്ടിലറിയും
കവചിതസേന, പീരങ്കിപ്പട എന്നീ രണ്ട്‌ വിഭാഗങ്ങളാണ്‌ ഇതിലുള്‍പ്പെടുന്നത്‌.
കവചിതസേന
ടാങ്കുകള്‍, വന്‍തോക്കുകള്‍ ഘടിപ്പിച്ച ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, ചെറിയ യന്ത്രത്തോക്കുകള്‍ എന്നിവ ഉപയോഗിച്ച്‌ യുദ്ധമുന്നണിയിൽ ശത്രുനിരയെ നേരിടുകയാണ്‌ ഈ വിഭാഗത്തിന്റെ പ്രധാന ജോലി. അശ്വസേനാഘടകങ്ങളും ഈ വിഭാഗത്തിലുണ്ടായിരിക്കും. അസാമാന്യമായ ധീരതയ്‌ക്കും മിന്നലാക്രമണത്തിനും പേരെടുത്തതാണ്‌ ഇന്ത്യയിലെ കവചിത സേനാവിഭാഗം.
പീരങ്കിപ്പട
പീരങ്കികള്‍, ഹെവി മീഡിയം ഫീൽഡ്‌ പീരങ്കികള്‍, മോർട്ടറുകള്‍, മിസൈലുകള്‍, റോക്കറ്റുകള്‍ എന്നിവയുപയോഗിച്ച്‌ ശത്രുനിരകളെയും ബങ്കറുകളെയും തകർക്കുക, ബോംബാക്രമണത്തിനും ആകാശയുദ്ധത്തിനുമായി എത്തുന്ന ശത്രുവിമാനങ്ങളെ വെടിവച്ചു വീഴ്‌ത്തുക, ശത്രുക്കളോട്‌ യുദ്ധംചെയ്യുന്ന കാലാള്‍പ്പടയ്‌ക്കും ടാങ്കുവിഭാഗത്തിനും ശത്രുനിരയിലേക്ക്‌ ഷെല്ലുകള്‍ വർഷിച്ച്‌ സഹായങ്ങളും സുരക്ഷിതത്വവും നല്‌കുക, സർവോപരി ശത്രുക്കളുടെ മനോവീര്യം തകർക്കുന്നതിന്‌ അവരുടെ സങ്കേതങ്ങളിലേക്ക്‌ തുളച്ചുകയറി (deep thrust) ശേത്രുമുന്നണിയെ ഛിന്നഭിന്നമാക്കുക തുടങ്ങിയ നിർണായകമായ ജോലികളാണ്‌ പീരങ്കിപ്പട നിർവഹിക്കേണ്ടത്‌. ശത്രുസങ്കേതങ്ങളും ശത്രുക്കള്‍ പ്രയോഗിക്കുന്ന മോർട്ടറുകള്‍, ബോംബുകള്‍, പീരങ്കികള്‍ മുതലായവ സ്ഥാപിച്ചിട്ടുള്ള സ്ഥാനങ്ങളും ആകാശം വഴിയായും റഡാർമുഖേനയും കണ്ടുപിടിക്കുന്നതിനുള്ള ലൊക്കേറ്റിങ്‌ ബാറ്ററിയും, എയർ ഒബ്‌സർവേഷന്‍ പോസ്റ്റുകളും (Air-OP)പീരങ്കിപ്പടയ്‌ക്കുകീഴിൽ ഉണ്ടായിരിക്കും. ആർട്ടിലറിക്കു കീഴിലുള്ള വിമാനങ്ങള്‍ പറത്തുന്നതും ആർട്ടിലറി ആഫീസർമാർ തന്നെയാണ്‌.
ആർട്ടിലറിവിഭാഗത്തിൽ പാരച്യൂട്ട്‌ഭടന്മാരും പ്രവർത്തിക്കുന്നുണ്ട്‌. ശത്രുസങ്കേതങ്ങള്‍ക്കടുത്തോ അവയ്‌ക്കു പുറകിലോ യുദ്ധവിമാനങ്ങളിൽച്ചെന്ന്‌ പാരച്യൂട്ടുവഴി ഇറങ്ങി യുദ്ധം ചെയ്യുന്നതിനുള്ള ഒരു പ്രത്യേക ഘടകമാണിത്‌. ആർട്ടിലറിവിഭാഗത്തെ ഫീൽഡ്‌ റെജിമെന്റ്‌, ലൈറ്റ്‌ റെജിമെന്റ്‌, മീഡിയം റെജിമെന്റ്‌, ഹെവിമോർട്ടർ റെജിമെന്റ്‌ എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്‌. അസാമാന്യമായ ധീരതയും കർമകുശലതയും സാങ്കേതികജ്ഞാനവും ഈ വിഭാഗത്തിനുണ്ടായിരിക്കണം. ഇതെല്ലാം ആർജിച്ചിട്ടുള്ള ഇന്ത്യന്‍ ആർട്ടിലറി നിരവധി യുദ്ധങ്ങളിൽ ഐതിഹാസികമായ പങ്കുവഹിച്ചിട്ടുണ്ട്‌. "സർവത്ര-ഇസത്ത്‌-ഒ-ഇക്‌ബാൽ' (സർവത്ര യശസ്സും വിജയവും) എന്നതാണ്‌ അവരുടെ മുദ്രാവാക്യം.
കാലാള്‍പ്പട
യുദ്ധം ചെയ്യുന്നതിനുള്ള ഒരു അടിസ്ഥാനഘടകമാണ്‌ കാലാള്‍പ്പട. ശത്രുവിനോട്‌ നേരിട്ടു യുദ്ധം ചെയ്യുക, ശത്രുസേനകളെ തടവുകാരാക്കുക, പിടിച്ചെടുത്ത സ്ഥലങ്ങള്‍ സംരക്ഷിക്കുക, ശത്രുസങ്കേതങ്ങളെ വളഞ്ഞു തകർക്കുക തുടങ്ങിയ ജോലികളാണ്‌ ഈ വിഭാഗത്തിനുള്ളത്‌. യുദ്ധരംഗത്ത്‌ ത്യാഗോജ്ജ്വലമായ സേവനങ്ങള്‍ നല്‌കിയിട്ടുള്ള ഒരു കാലാള്‍പ്പടയാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌.
കോർ ഒഫ്‌ എന്‍ജിനീയേഴ്‌സ്‌
ഈ വിഭാഗത്തിൽപ്പെട്ടവർ സാങ്കേതികപരിശീലനം സിദ്ധിച്ചവരായിരിക്കും. യുദ്ധരംഗത്ത്‌ മുന്നണിയിൽത്തന്നെ പ്രവർത്തിക്കുന്ന ഒരു ഘടകമാണിത്‌. പടനീക്കത്തിനുള്ള റോഡുകള്‍, ബങ്കറുകള്‍, പാലങ്ങള്‍ മുതലായവ നിർമിക്കുക; ശത്രുക്കളുടെ കുതിച്ചുകയറ്റത്തെ തടയുന്നതിന്‌ റോഡുകളും പാലങ്ങളും തകർക്കുകയും യുദ്ധഭൂമിയിലും രാജ്യാതിർത്തിയിലും മൈനുകള്‍ നിക്ഷേപിക്കുകയും ചെയ്യുക; സ്വന്തം പട്ടാളവിഭാഗത്തിന്റെ മുന്നേറ്റത്തിന്‌ തടസ്സമുണ്ടാക്കുന്ന ശത്രുസങ്കേതങ്ങളിലെ മൈനുകളും മറ്റും നീക്കം ചെയ്‌ത്‌ വഴി സുരക്ഷിതമാക്കുക; വൈദ്യുതീകരണം, ട്രാന്‍സ്‌പോർട്ട്‌, യന്ത്രസംബന്ധമായ ജോലികള്‍ തുടങ്ങിയവ ഭദ്രമാക്കുക എന്നിങ്ങനെ ഒട്ടനവധി ജോലികള്‍ ഇവർ യുദ്ധകാലങ്ങളിൽ ചെയ്യേണ്ടതുണ്ട്‌. കൂടാതെ യുദ്ധമില്ലാത്ത കാലങ്ങളിൽ പ്രത്യേക എന്‍ജിനീയറിങ്‌ പ്രവർത്തനങ്ങളും ഇവർ നടത്തുന്നു. മിലിട്ടറി എന്‍ജിനീയറിങ്ങിൽ പ്രത്യേക പരിശീലനം നേടിയവരാണ്‌ ഈ ഘടകത്തെ നയിക്കുന്നത്‌. സൈന്യത്തിന്റെ പാർപ്പിടനിർമാണം മുതലായ സിവിൽ എന്‍ജിനീയറിങ്‌ വർക്കുകള്‍ നടത്തുന്ന വിഭാഗം മിലിട്ടറി എന്‍ജിനീയറിങ്‌ സർവീസ്‌ എന്നറിയപ്പെടുന്നു.
ആർമി ഏവിയേഷന്‍ യൂണിറ്റ്‌
വ്യോമസേനയോടൊന്നിച്ച്‌ പ്രവർത്തിക്കുന്ന കരസേനയുടെ പ്രത്യേക വിഭാഗമാണ്‌ ആർമി ഏവിയേഷന്‍ യൂണിറ്റ്‌. കരസേനയുടെ വ്യോമയാത്രകള്‍ക്കു വേണ്ടിയും യുദ്ധമുഖത്ത്‌ രക്ഷാപ്രവർത്തനങ്ങള്‍ നടത്തുന്നതിനും വൈദ്യസഹായം എത്തിക്കുന്നതിനും ഈ വിഭാഗം സഹായിക്കുന്നു. വ്യോമനിരീക്ഷണങ്ങള്‍ നടത്തുക, ആവശ്യമെങ്കിൽ ആക്രമണങ്ങള്‍ നടത്തുക എന്നിവയും ഈ വിഭാഗത്തിന്റെ ചുമതലകളാണ്‌. 1986 നവംബറിലാണ്‌ ഇന്ത്യന്‍ ആർമി ഏവിയേഷന്‍ യൂണിറ്റ്‌ ആരംഭിച്ചത്‌. ചേതക്‌, ചീറ്റ, ധ്രുവ്‌, ലാന്‍സർ എന്നിവ ഇന്ത്യന്‍ ആർമി ഏവിയേഷന്‍ യൂണിറ്റിന്റെ പ്രധാന ഹെലികോപ്‌റ്ററുകളാണ്‌. കൂടാതെ നിരവധി പൈലറ്റില്ലാവിമാനങ്ങളും ഈ യൂണിറ്റിന്റെ ഭാഗമായുണ്ട്‌.
എയർ ഡിഫന്‍സ്‌ യൂണിറ്റ്‌
വ്യോമാക്രമണങ്ങളെ നേരിടാനുള്ള കരസേനയുടെ പ്രത്യേക വിഭാഗമാണിത്‌. യുദ്ധമുഖത്ത്‌ കരസേനയെ വ്യോമാക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുന്നത്‌ ഈ വിഭാഗമാണ്‌. ഇന്ത്യ-പാകിസ്‌താന്‍, ഇന്ത്യ-ചൈന യുദ്ധങ്ങളിൽ ഇന്ത്യന്‍ എയർ ഡിഫന്‍സ്‌ യൂണിറ്റ്‌ സ്‌തുത്യർഹമായ സേവനങ്ങള്‍ നടത്തിയിട്ടുണ്ട്‌. ബാലിസ്റ്റിക്‌ മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള "ആകാശ്‌' എന്നൊരു മിസൈൽ പ്രതിരോധസംവിധാനം വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌.
മെക്കനൈസ്‌ഡ്‌ ഇന്‍ഫന്‍ഡറി
പ്രത്യേക വാഹനങ്ങളിൽ മുന്നേറാന്‍ കഴിവുള്ള കരസേനയുടെ കാലാള്‍പ്പടയാണ്‌ മെക്കനൈസ്‌ഡ്‌ ഇന്‍ഫന്‍ഡറി. ടാങ്കുകള്‍, ട്രക്കുകള്‍, മോട്ടോർ ബൈക്കുകള്‍, ജീപ്പുകള്‍ എന്നീ വാഹനങ്ങള്‍ ഈ സേനാവിഭാഗം ഉപയോഗിക്കുന്നു. യന്ത്രത്തോക്കുകള്‍, ഗ്രനേഡ്‌ ലോഞ്ചറുകള്‍, മിസൈലുകള്‍, പ്രത്യേകതരം പീരങ്കികള്‍ എന്നിവ ഈ വിഭാഗത്തിന്റെ പ്രധാന ആയുധങ്ങളാണ്‌.
കോർ ഒഫ്‌ സിഗ്നൽസ്‌
സിഗ്നൽസ്‌ വിഭാഗത്തിൽപ്പെട്ട പട്ടാളക്കാർ യുദ്ധമുന്നണിയിൽത്തന്നെ പ്രവർത്തിക്കുന്ന ഒരു ഘടകമാണ്‌. ഇവർ സേനാവിഭാഗങ്ങളുടെ വാർത്താവിനിമയം കൈകാര്യം ചെയ്യുന്നു. വയർലസ്‌ സെറ്റുകള്‍, കംപ്യൂട്ടറുകള്‍, ടെലിപ്രിന്ററുകള്‍, റേഡിയോ ഉപകരണങ്ങള്‍ തുടങ്ങിയ സങ്കീർണങ്ങളായ വാർത്താവിനിമയ സാമഗ്രികള്‍ കൈകാര്യം ചെയ്യാന്‍ ഇവർ വിദഗ്‌ധപരിശീലനം നേടിയിരിക്കും. യുദ്ധരംഗത്തെ നീക്കങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും അതതു സമയങ്ങളിൽ ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തിക്കുന്നതും ഇവരുടെ ചുമതലയിൽപ്പെടുന്നു. ഇന്നിപ്പോള്‍ ഉപഗ്രഹങ്ങള്‍ വഴിയുള്ള വാർത്താവിനിമയം വരെ ഇവർ കൈകാര്യം ചെയ്യുന്നു.
ആർമി സർവീസ്‌ കോർ
യുദ്ധകാലത്തും സമാധാനകാലത്തും ഒരുപോലെ കാര്യക്ഷമമായി പ്രവർത്തിക്കേണ്ട ഒരു ഘടകമാണിത്‌. സൈന്യങ്ങള്‍ക്കുവേണ്ട ഭക്ഷണം, വാഹനങ്ങള്‍, ഇന്ധനം തുടങ്ങി നിരവധി സാധനങ്ങളുടെ വിതരണം ഈ വിഭാഗത്തിന്റെ ചുമതലയിൽപ്പെടുന്നു.
ആർമി ഓർഡിനന്‍സ്‌ കോർ
ഇന്ത്യന്‍ കരസേനയുടെയും നേവി, എയർഫോഴ്‌സ്‌ തുടങ്ങിയ സർവീസുകളുടെയും പടക്കോപ്പുകളുടെ നിർമാണം, വിതരണം, അറ്റകുറ്റപ്പണികള്‍ തുടങ്ങിയ ജോലികളാണ്‌ ഈ വിഭാഗം നിർവഹിക്കുന്നത്‌. സേനയ്‌ക്കാവശ്യമായ എല്ലാവിധ ഉപകരണങ്ങളും കോറാണ്‌ നൽകുന്നത്‌. ഈ വിഭാഗത്തിൽ പട്ടാളക്കാരും സാങ്കേതിക വിദഗ്‌ധന്മാരായ സിവിലിയന്മാരും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു.
ഇലക്‌ട്രിക്കൽ ആന്‍ഡ്‌ മെക്കാനിക്കൽ എന്‍ജിനീയറിങ്‌ കോർ
മിലിട്ടറി എന്‍ജിനീയറിങ്‌ കോളജിൽനിന്നും മറ്റു കേന്ദ്രങ്ങളിൽനിന്നും പ്രത്യേക പരിശീലനങ്ങള്‍ സിദ്ധിച്ചവരാണ്‌ ഈ വിഭാഗത്തിലുള്ളവർ. സൈനിക ഘടകങ്ങളിലെ വിവിധതരത്തിലുള്ള സാങ്കേതികോപകരണങ്ങള്‍, വാർത്താവിനിമയയന്ത്രങ്ങള്‍, വൈദ്യുതോപകരണങ്ങള്‍ തുടങ്ങിയവയുടെ സംഭരണം, പരിശോധന, സംരക്ഷണം തുടങ്ങിയ സാങ്കേതിക പ്രവർത്തനങ്ങളാണ്‌ ഈ വിഭാഗം കൈകാര്യംചെയ്യുന്നത്‌. അത്യന്താധുനികങ്ങളായ പടക്കോപ്പുകളും യന്ത്രാപകരണങ്ങളും കൈകാര്യം ചെയ്യുന്നതിന്‌ പട്ടാളത്തെ സജ്ജമാക്കുന്നതിൽ ഈ വിഭാഗം മർമപ്രധാനമായ സേവനം നിർവഹിക്കുന്നു.
റീമൗണ്ട്‌ ആന്‍ഡ്‌ വെറ്ററിനറി കോർ
മൃഗസംരക്ഷണശാസ്‌ത്രത്തിൽ ബിരുദമെടുത്തവരും, കൃഷിശാസ്‌ത്രം, ഫാമിങ്‌ തുടങ്ങിയ വിഷയങ്ങളിൽ പരിജ്ഞാനമുള്ളവരുമാണ്‌ ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്‌. സൈനികാവശ്യത്തിനുള്ള ഫാം, ഡയറി, അശ്വങ്ങള്‍ എന്നിവയുടെ സംരക്ഷണം ഈ വിഭാഗം നിർവഹിക്കുന്നു.
ആർമി എഡ്യുക്കേഷന്‍ കോർ
യുദ്ധപരിശീലനത്തോടൊപ്പം വിദ്യാഭ്യാസവും എന്ന തത്ത്വമാണ്‌ സായുധസേനയിൽ നിലവിലുള്ളത്‌. "വിദ്യൈവ-ബലം' എന്ന ചൊല്ല്‌ ഇന്ത്യന്‍ സായുധസേനയുടെ മുദ്രാവാക്യങ്ങളിൽ ഒന്നാണ്‌. ഒരു നല്ല മനുഷ്യന്‍, ഒരു നല്ല പൗരന്‍, ഒരു നല്ല യോദ്ധാവ്‌-ഈ നിലയിലേക്ക്‌ സൈനികരെ ഉയർത്തുന്നതിനുള്ള ബുദ്ധിശാലയാണ്‌ എഡ്യൂക്കേഷന്‍ കോർ. ബിരുദാനന്തരപഠനം നടത്തിയിട്ടുള്ളവരും വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാനറിയാവുന്നവരുമാണ്‌ ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്‌.
ആർമി മെഡിക്കൽ കോർ
വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടിയവരും ബിരുദാനന്തരപഠനം നടത്തിയിട്ടുള്ളവരും ഈ വിഭാഗത്തിന്റെ ചുമതലകള്‍ നിർവഹിക്കുന്നു; നഴ്‌സിങ്ങിൽ പരിശീലനവും ബിരുദവും ഉള്ളവരും ആർമി മെഡിക്കൽ പരിശീലനകേന്ദ്രങ്ങളിൽ പ്രത്യേക പരിശീലനം നേടിയിട്ടുള്ള ജവാന്മാരും ഇവരെ സഹായിക്കുന്നു. സേനാവിഭാഗങ്ങളിലെ ഉദ്യോഗസ്ഥന്മാരുടെയും ജവാന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യസംരക്ഷണം, സായുധസേനയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവരുടെ വൈദ്യപരിശോധന, യുദ്ധമുന്നണിയിൽ അപായം സംഭവിക്കുന്നവരുടെ ശുശ്രൂഷ തുടങ്ങിയ സേവനങ്ങള്‍ ഈ വിഭാഗം നിർവഹിക്കുന്നു.
ആർമി ഡെന്റൽ കോർ
സൈനികരുടെയും കുടുംബാംഗങ്ങളുടെയും ദന്തചികിത്സാസംബന്ധമായ എല്ലാ കാര്യങ്ങളും ഈ വിഭാഗത്തിന്റെ കർത്തവ്യമാണ്‌.
കോർ ഒഫ്‌ മിലിട്ടറി പൊലീസ്‌
കരസേനയുടെ എല്ലാ ഘടകങ്ങളിലും കുറ്റാന്വേഷണം, നിയമസമാധാനപാലനം തുടങ്ങിയ ജോലികള്‍ക്കായി മിലിട്ടറി പൊലീസിനെയും സംഘടിപ്പിച്ചിട്ടുണ്ട്‌. ബ്രിഗേഡിയർ റാങ്കുള്ള പ്രാവോസ്റ്റ്‌ മാർഷലി (Provost Marshal)ന്റെ കീഴിലാണ്‌ ഈ വിഭാഗം പ്രവർത്തിക്കുന്നത്‌.
ആർമി പോസ്റ്റൽ സർവീസ്‌
സായുധസേനയുടെ തപാലാവശ്യങ്ങള്‍ നിർവഹിക്കുന്നതിന്‌ ചുമതലപ്പെട്ട വിഭാഗമാണിത്‌.
റിസർച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ വിഭാഗം
കരസേനയടക്കമുള്ള എല്ലാ സായുധസേനാവിഭാഗങ്ങളെയും പ്രതിനിധീകരിച്ചുകൊണ്ട്‌ റിസർച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ വിഭാഗം എന്ന പേരിൽ ഒരു ഘടകം നിലവിലുണ്ട്‌.പ്രത്യേക സാഹചര്യങ്ങളിലും വിവിധ ശീതോഷ്‌ണാവസ്ഥകളിലും സൈനികസാമഗ്രികള്‍ ഭദ്രമായി സൂക്ഷിക്കുക, പട്ടാളക്കാരുടെ ഭക്ഷണകാര്യങ്ങളെപ്പറ്റിയും മറ്റും ഗവേഷണങ്ങള്‍ നടത്തുക തുടങ്ങിയ ജോലികളാണ്‌ ഇവർ നിർവഹിക്കുന്നത്‌. നിരവധി ശാസ്‌ത്രജ്ഞന്മാരും എന്‍ജിനീയർമാരും ഉള്‍ക്കൊള്ളുന്നതാണ്‌ ഈ വിഭാഗം. മിലിട്ടറി ഫാംസ്‌ സർവീസ്‌, ആർമിഫിസിക്കൽ ട്രയിനിങ്‌ കോർ, ഇന്റലിജന്‍സ്‌ കോർ, ജഡ്‌ജ്‌-അഡ്വക്കേറ്റ്‌ ജനറൽ ഡിപ്പാർട്ടുമെന്റ്‌, പയനിയർ കോർ എന്നിവയാണ്‌ മറ്റ്‌ വിഭാഗങ്ങള്‍. ആയോധന-സഹായ വിഭാഗങ്ങളെ മൊത്തത്തിൽ റെഗുലർ ആർമി എന്നു വിശേഷിപ്പിക്കുന്നു. സൈനിക പരിശീലനം നേടിയിട്ടുള്ള അനുബന്ധ വിഭാഗങ്ങളാണ്‌ റിസർവ്‌ ആർമി, ടെറിട്ടോറിയൽ ആർമി, നാഷണൽ കേഡറ്റ്‌ കോർ തുടങ്ങിയവ.
സംഘടന
കരസേനാവിഭാഗങ്ങളെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ സെക്ഷന്‍, പ്ലാറ്റൂണ്‍, കമ്പനി, ബറ്റാലിയന്‍, ബ്രിഗേഡ്‌, ഡിവിഷന്‍, കോർ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. ഭരണസൗകര്യാർഥം കരസേനയെ വിവിധ കമാന്‍ഡുകളായി വികേന്ദ്രീകരിച്ചിരിക്കുന്നു. കമാന്‍ഡിന്റെ തലവന്‍ ജനറൽ ആഫീസർ കമാന്‍ഡിങ്‌-ഇന്‍-ചീഫ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. ഇന്ത്യയിൽ ആറ്‌ ആർമി കമാന്‍ഡുകളാണുള്ളത്‌: സതേണ്‍കമാന്‍ഡ്‌-ആസ്ഥാനം പൂണെ; വെസ്റ്റേണ്‍ കമാന്‍ഡ്‌-ആസ്ഥാനം ചണ്ഡിഗഢ്‌; നോർതേണ്‍ കമാന്‍ഡ്‌-ആസ്ഥാനം ഉഥമ്‌പൂർ; സെന്‍ട്രൽ കമാന്‍ഡ്‌-ആസ്ഥാനം ലഖ്‌നൗ; ഈസ്റ്റേണ്‍ കമാന്‍ഡ്‌-ആസ്ഥാനം കൊൽക്കത്ത; സൗത്ത്‌ വെസ്റ്റേണ്‍ കമാന്‍ഡ്‌-ആസ്ഥാനം ജയ്‌പൂർ, കൂടാതെ സിംല ആസ്ഥാനമായി ഒരു ട്രയിനിങ്‌ കമാന്‍ഡും നിലവിലുണ്ട്‌.
ഇന്ത്യന്‍ കരസേനയുടെ മേധാവിയെ ചീഫ്‌ ഒഫ്‌ ആർമി സ്റ്റാഫ്‌ എന്നു പറയുന്നു. അദ്ദേഹത്തിന്‌ ജനറൽ പദവിയാണ്‌ നല്‌കിയിട്ടുള്ളത്‌. എന്നാൽ ചീഫ്‌ ഒഫ്‌ ആർമി സ്റ്റാഫ്‌ ആയിരുന്ന ജനറൽ എസ്‌.എച്ച്‌.എഫ്‌.ജെ. മനേക്‌ഷായ്‌ക്ക്‌ ഫീൽഡ്‌ മാർഷൽ എന്ന അത്യുന്നതപദവി നല്‌കുകയുണ്ടായി. ഇന്ത്യന്‍ കരസേനയിലെ രണ്ടാമത്തെ ഫീൽഡ്‌ മാർഷൽ ഭാരതീയ സേനയുടെ ആദ്യ കരസേനാ മേധാവി ആയിരുന്ന കെ.എം. കരിയപ്പ ആണ്‌.
കരസേനാമേധാവിയുടെ ആസ്ഥാനം ഡൽഹിയാണ്‌. ഇദ്ദേഹത്തെ സഹായിക്കാന്‍ വൈസ്‌ ചീഫ്‌ ഒഫ്‌ ദി ആർമി സ്റ്റാഫും ഏഴ്‌ പ്രിന്‍സിപ്പൽ സ്റ്റാഫ്‌ ആഫീസർമാരുമുണ്ട്‌. പ്രിന്‍സിപ്പൽ സ്റ്റാഫ്‌ ആഫീസർമാർക്ക്‌ ഡെപ്യൂട്ടി ചീഫ്‌ ഒഫ്‌ ദി ആർമി സ്റ്റാഫ്‌, അഡ്‌ജുറ്റന്‍ഡ്‌ ജനറൽ, ക്വാട്ടർ മാസ്റ്റർ ജനറൽ, മാസ്റ്റർ ജനറൽ ഒഫ്‌ ഓർഡ്‌നന്‍സ്‌, മിലിട്ടറി സെക്രട്ടറി, എന്‍ജിനീയർ ഇന്‍-ചീഫ്‌ എന്നീ പദവികള്‍ നല്‌കപ്പെട്ടിരിക്കുന്നു.
കരസേനയടക്കമുള്ള എല്ലാ സായുധ സേനാവിഭാഗങ്ങളുടെയും ഭരണച്ചുമതല നിക്ഷിപ്‌തമായിരിക്കുന്നത്‌ രാജ്യരക്ഷാമന്ത്രിയിലാണ്‌. ഭരണഘടന പ്രകാരം എല്ലാ സായുധസേനയുടെയും സുപ്രീം കമാന്‍ഡർ ഇന്ത്യാ റിപ്പബ്ലിക്കിന്റെ പ്രസിഡന്റാണ്‌.
റിക്രൂട്ട്‌മെന്റും ട്രയിനിങ്ങും
ഇന്ത്യന്‍ കരസേനയിലേക്ക്‌ ജവാന്മാരെ "ഓപ്പണ്‍ റിക്രൂട്ട്‌മെന്റ്‌ റാലി'യിലൂടെ തെരഞ്ഞെടുക്കുന്ന രീതിയാണ്‌ പ്രാബല്യത്തിൽ ഉള്ളത്‌. തെരഞ്ഞെടുക്കപ്പെടുന്നതിന്‌ നിശ്ചിതമായ കായികക്ഷമതയും വിദ്യാഭ്യാസ യോഗ്യതകളും നിഷ്‌കർഷിക്കപ്പെട്ടിരിക്കുന്നു. ആഫീസർമാരെ തെരഞ്ഞെടുക്കുന്നത്‌ യൂണിയന്‍ പബ്ലിക്‌ സർവീസ്‌ കമ്മിഷന്‍, സർവീസ്‌ സെലക്ഷന്‍ ബോർഡ്‌ ((S.S.B.) എന്നിവ വഴിയാണ്‌. ഇതിലേക്കായി പൊതുവിഭാഗത്തിൽനിന്നു നേരിട്ടും, രാഷ്‌ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജ്‌, നാഷണൽ ഡിഫന്‍സ്‌ അക്കാദമി, നാഷണൽ കേഡറ്റ്‌ കോർ (N.C.C.) എന്നിവയിൽനിന്നും തെരഞ്ഞെടുപ്പുകള്‍ നടത്തുന്നു; ഇന്ത്യന്‍ കരസേനയിൽ കമ്മിഷന്‍ കിട്ടുന്ന യുവാക്കള്‍ക്ക്‌ ഡെറാഡൂണിലുള്ള ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലെ കഠിനപരിശീലനങ്ങള്‍ക്ക്‌ വിധേയരാകേണ്ടതുണ്ട്‌. അതിൽ വിജയികളാവുന്നവർക്കാണ്‌ ആഫീസർപദവി നല്‌കുന്നത്‌. തുടർന്ന്‌ അവരെ കരസേനയുടെ വിവിധ യൂണിറ്റുകളിലേക്ക്‌ നിയോഗിക്കുകയും ചെയ്യുന്നു. അതിനുശേഷം അവർക്കോരോരുത്തർക്കും അവരുടെ യൂണിറ്റ്‌ ട്രയിനിങ്‌ സെന്ററുകളിൽ പ്രത്യേക പരിശീലനങ്ങള്‍ നല്‌കപ്പെടുന്നു. തുടർന്നുള്ള സേവനകാലത്തും വിവിധ വിഷയങ്ങളെയും യുദ്ധമുറകളെയുംപറ്റിയുള്ള പരിശീലനങ്ങള്‍ നല്‌കപ്പെടുന്നുണ്ട്‌. ഉദാഹരണമായി യങ്‌ ആഫീസേഴ്‌സ്‌ കോഴ്‌സ്‌, കമാന്‍ഡൊ കോഴ്‌സ്‌, ടെലികമ്യൂണിക്കേഷന്‍ ആന്‍ഡ്‌ എന്‍ജിനീയറിങ്‌ കോഴ്‌സ്‌, സിഗ്നൽ കോഴ്‌സ്‌, സർവേ കോഴ്‌സ്‌, ലോങ്‌ ഗച്ചറി സ്റ്റാഫ്‌ കോളജ്‌ കോഴ്‌സ്‌ തുടങ്ങിയവയ്‌ക്കെല്ലാം വ്യത്യസ്‌ത ശിക്ഷണരീതികളാണുള്ളത്‌. റെഗുലർ ആർമി സർവീസിനു പുറമേ എമർജന്‍സി കമ്മിഷന്‍, ഷോർട്ട്‌ സർവിസ്‌ കമ്മിഷന്‍ തുടങ്ങിയവ വഴി തെരഞ്ഞെടുപ്പു നടത്തി മദ്രാസിലുള്ള ആഫീസേഴ്‌സ്‌ ട്രയിനിങ്‌ സ്‌കൂളിൽ (OTS) പരിശീലനം കൊടുത്ത്‌ ചുരുങ്ങിയകാലത്തെ സേവനത്തിന്‌ നിയമിക്കുന്ന ഏർപ്പാടും നിലവിലുണ്ട്‌. സ്‌ത്രീകള്‍ക്ക്‌ ഇന്ത്യന്‍ കരസേനയിൽ മതിയായ പ്രാതിനിധ്യം നേടുവാനുള്ള അവസരം ലഭ്യമായിട്ടുണ്ട്‌. രണ്ടാം ലോകയുദ്ധം മുതൽക്കേ ആർമി മെഡിക്കൽ കോറിൽ ഡോക്‌ടർ, നഴ്‌സ്‌ എന്നീ തസ്‌തികകളിൽ സ്‌ത്രീകള്‍ സേവനമനുഷ്‌ഠിച്ചുവരുന്നു. പില്‌ക്കാലത്ത്‌ സർവീസസ്‌, ഓർഡിനന്‍സ്‌, ഇലക്‌ട്രിക്കൽ & മെക്കാനിക്കൽ എന്‍ജിനീയർ, ഇന്റലിജന്‍സ്‌, എഡ്യൂക്കേഷന്‍, സിഗ്നൽസ്‌ എന്നീ കോറുകളിലും ജഡ്‌ജ്‌-അഡ്വേക്കറ്റ്‌ ജനറൽ ആഫീസിലും വനിതകളുടെ സേവനം അനുവദിക്കപ്പെട്ടു. നിലവിൽ ആയിരത്തിലധികം വനിതാ ഓഫീസർമാർ സേനയിൽ പ്രവർത്തിക്കുന്നുണ്ട്‌.
ആയുധങ്ങള്‍
കരസേനയുടെ ഉപയോഗത്തിലുള്ള ആയുധങ്ങളെ പ്രധാനമായും സ്‌മാള്‍ ആംസ്‌, ആർട്ടിലറി എന്നിങ്ങനെ രണ്ടായിതിരിക്കാം. റൈഫിള്‍, സെമി-ഓട്ടൊമാറ്റിക്‌ റൈഫിള്‍, ലൈറ്റ്‌ മെഷീന്‍ ഗണ്‍ (LMG), മീഡിയം മെഷീന്‍ ഗണ്‍ (MMG), സബ്‌മെഷീന്‍ ഗണ്‍ (SMG), സ്റ്റെന്‍ ഗണ്‍, മെഷീന്‍ പിസ്റ്റൽ, ഗ്രനേഡ്‌, മൈന്‍സ്‌, മോർട്ടർ, റോക്കറ്റ്‌, റിക്കോയിൽലസ്‌ ഗണ്‍ ഇവയെല്ലാം സ്‌മാള്‍ ആംസ്‌ വിഭാഗത്തിലുള്‍പ്പെടുന്ന സൈനികായുധങ്ങളാണ്‌. ആർട്ടിലറി ഗച്ചുകള്‍, ഹൊവിറ്റ്‌സറുകള്‍ (Howit-zers), വെിമാനവേധത്തോക്കുകള്‍ (Anti-aircraft guns), മിസൈലുകള്‍, കവചിതവാഹനങ്ങള്‍, ടാങ്കുകള്‍ എന്നിവയാണ്‌ ആർട്ടിലറി വിഭാഗത്തിൽപ്പെടുന്ന ആയുധങ്ങള്‍. ആയുധങ്ങള്‍ക്കായി ഒരു കാലത്ത്‌ വിദേശരാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യ ഇന്ന്‌ സ്വയംപര്യാപ്‌തയിലേക്കു നീങ്ങുകയാണ്‌. പ്രതിരോധരംഗത്തെ ഗവേഷണപ്രവർത്തനങ്ങള്‍ക്കു നേതൃത്വം നൽകുന്നത്‌ ഡിഫന്‍സ്‌ റിസർച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ഓർഗനൈസേഷനാണ്‌ (DRDO). ഇന്ന്‌ മൂവായിരത്തിലധികം ആധുനിക ടാങ്കുകള്‍ ഇന്ത്യയ്‌ക്കുണ്ട്‌. ഡി.ആർ.ഡി.ഒ. വികസിപ്പിച്ച വൈജയന്ത, അർജുന്‍ ടി.72 എന്നിവ ഇതിൽപ്പെടുന്നു. ത്രിശൂൽ, പൃഥ്വി, അഗ്നി, ആകാശ്‌ തുടങ്ങി നിരവധി മിസൈലുകളും വികസിപ്പിച്ചിട്ടുണ്ട്‌.
ആണവ/ജൈവ/രാസായുധങ്ങളുപയോഗിച്ചുള്ള ആക്രമണങ്ങളെ നേരിടാന്‍ കഴിവുള്ള പ്രത്യേക പരിശീലനം ലഭിച്ച സേനാവിഭാഗം ഇന്ത്യന്‍ കരസേനയ്‌ക്കുണ്ട്‌. രണ്ടായിരത്തിലധികം സൈനികരുള്ള വിഭാഗമാണിത്‌.
വിവരസാങ്കേതിക വിദ്യയിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ക്കനുസരിച്ച്‌ ഇന്ത്യന്‍ കരസേനയിൽ കാര്യക്ഷമമായ പരിഷ്‌കാരങ്ങള്‍ നടക്കുകയുണ്ടായി. എല്ലാ ഓഫീസർമാരെയും കംപ്യൂട്ടർ സാക്ഷരരാക്കുന്നതിനുള്ള ഒരു പ്രത്യേക പദ്ധതിക്ക്‌ കരസേന 2002-ൽ തുടക്കം കുറിച്ചു. റേഡിയോ എന്‍ജിനീയറിങ്‌ നെറ്റ്‌വർക്‌, ആർമി സ്റ്റാറ്റിക്‌ കമ്യൂണിക്കേഷന്‍ നെറ്റ്‌വർക്ക്‌ തുടങ്ങിയ വിവരകൈമാറ്റശൃംഖലകള്‍ ആധുനിക ഫൈബർ ഒപ്‌റ്റിക്‌സ്‌ സാങ്കേതിക വിദ്യയിലേക്ക്‌ മാറ്റി. ഓഡിയോ/ഡേറ്റ/മള്‍ട്ടിമീഡിയ കൈമാറ്റത്തിനായി നൂതന കംപ്യൂട്ടർ സംവിധാനങ്ങള്‍ സ്ഥാപിക്കപ്പെട്ടു. സേനയുടെ ആധുനികവത്‌കരണം ലക്ഷ്യമാക്കിയുള്ള ഒരു പഞ്ചവത്സരപദ്ധതി 2003-ലാണ്‌ ആരംഭിച്ചത്‌. ആധുനിക റഡാർ സംവിധാനങ്ങള്‍, കൃത്രിമോപഗ്രഹങ്ങള്‍, സ്വയം പ്രവർത്തിക്കാന്‍ കഴിവുള്ള കംപ്യൂട്ടർ അധിഷ്‌ഠിത ആയുധങ്ങള്‍, ആളില്ലാവിമാനങ്ങള്‍ എന്നിവ കരസേനയുടെ ഭാഗമായി.
ബഹുമതികള്‍
കരസേനയിൽ അസാമാന്യധീരതയ്‌ക്കും വീരകൃത്യങ്ങള്‍ക്കും പ്രസിഡന്റ്‌ നല്‌കുന്ന വിവിധ മെഡലുകളും അവാർഡുകളും താഴെപ്പറയുന്നവയാണ്‌: പരമവീരചക്രം, അശോകചക്രം, പരമവിശിഷ്‌ടസേവാമെഡൽ, മഹാവീരചക്രം, കീർത്തി ചക്രം, അതിവിശിഷ്‌ടസേവാമെഡൽ, വീരചക്രം, ശൗര്യചക്രം, സേനാമെഡൽ, വിശിഷ്‌ടസേവാമെഡൽ, സമര സേവാസ്റ്റാർ (1965), സൈന്യസേവാമെഡൽ, ടെറിട്ടോറിയൽ ആർമി ഡക്കറേഷന്‍, ടെറിട്ടോറിയൽ ആർമി മെഡൽ. നോ. ആജ്ഞാപദങ്ങള്‍; ആയുധങ്ങള്‍; ഇന്ത്യ; ഇന്ത്യന്‍ നാവികസേന; ഇന്ത്യന്‍ വ്യോമസേന; ഇന്ത്യന്‍ മിലിട്ടറി അക്കാദമി; കാലാള്‍പ്പട; നാഷണൽ കേഡറ്റ്‌ കോർ; നാഷണൽ ഡിഫന്‍സ്‌ അക്കാദമി


ഇന്ത്യന്‍ വ്യോമസേന
ഇന്ത്യന്‍ സൈന്യത്തിലെ മൂന്നു പ്രമുഖ വിഭാഗങ്ങളിലൊന്ന്‌; ഇന്ത്യന്‍ കരസേന, ഇന്ത്യന്‍ നാവികസേന എന്നിവയാണ്‌ മറ്റു രണ്ടുവിഭാഗങ്ങള്‍.

ചരിത്രം

ഇന്ത്യന്‍ എയർഫോഴ്‌സ്‌ ആക്‌റ്റ്‌ അനുസരിച്ച്‌ 1932 ഒ. 8-ന്‌ ഇന്ത്യന്‍ വ്യോമസേന രൂപവത്‌കരിക്കപ്പെട്ടു. തുടക്കത്തിൽ 6 ഓഫീസർമാരും 9 ഭടന്മാരും (Airmen) മാത്രമാണുണ്ടായിരുന്നത്‌. വളരെ എളിയ രീതിയിലായിരുന്നു തുടക്കമെങ്കിലും അഞ്ചുവർഷങ്ങള്‍ക്കകം (1938-ൽ) ഫ്‌ളൈറ്റുകളുടെ എച്ചം മൂന്നായി ഉയരുകയും ഒരു സ്‌ക്വാഡ്രന്‍ നിലവിൽ വരികയും ചെയ്‌തു. 1937-ൽ ഉത്തര-പശ്ചിമാതിർത്തിയിലും 1939-ൽ ബർമാമുന്നണിയിൽ ഗോത്രവർഗങ്ങള്‍ക്കെതിരായും ഇന്ത്യന്‍ വ്യോമസേന പ്രവർത്തനനിരതമാവുകയുണ്ടായി. ഇവയായിരുന്നു ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധരംഗത്തുള്ള ആദ്യകാലപ്രായോഗികാനുഭവങ്ങള്‍. രണ്ടാം ലോകയുദ്ധത്തിലെ സജീവ പങ്കാളിത്തത്തോടെ ഇന്ത്യന്‍ വ്യോമസേന വളരെയധികം പ്രായോഗികാനുഭവങ്ങള്‍ നേടുകയും വികാസം പ്രാപിക്കുകയുമുണ്ടായി. രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ വ്യോമസേനയ്‌ക്ക്‌ ഒമ്പത്‌ സ്‌ക്വാഡ്രനുകള്‍ നിലവിൽ വന്നുകഴിഞ്ഞിരുന്നു. ഇതിനുപുറമേ ഒരു ചരക്കു കയറ്റിറക്ക്‌ സ്‌ക്വാഡ്രന്‍ (Transport squadron) രൂപംകൊണ്ടു വരുന്നുമുണ്ടായിരുന്നു.
രണ്ടാംലോകയുദ്ധത്തിൽ വഹിച്ച ധീരോദാത്തമായ പങ്കു കണക്കിലെടുത്ത്‌ ഈ സേനയ്‌ക്ക്‌ റോയൽ എന്ന ബഹുമതിപദം നല്‌കിയതോടെ ഇതിന്റെ പേർ "റോയൽ ഇന്ത്യന്‍ എയർഫോഴ്‌സ്‌' എന്നായി മാറി. ആദ്യകാലത്ത്‌ ബ്രിട്ടീഷുകാരായിരുന്നു പ്രധാന ഔദ്യോഗികസ്ഥാനങ്ങളിലെല്ലാം. ക്രമേണ ഇന്ത്യാക്കാരെ പ്രധാന സ്ഥാനങ്ങളിൽ നിയമിക്കാന്‍ തുടങ്ങി. ഇന്‍സ്‌ട്രക്‌ടർമാരായും സാങ്കേതിക വിദഗ്‌ധന്മാരായും കൂടുതൽ ഇന്ത്യക്കാർ നിയമിക്കപ്പെട്ടു. ഇന്ത്യന്‍ വ്യോമസേനയിൽ പടിപടിയായി ഇന്ത്യാക്കാരുടെ സംഖ്യ കൂടിക്കൊണ്ടിരുന്നു.
സ്വാതന്ത്ര്യ പ്രാപ്‌തിയെ തുടർന്നുള്ള ആദ്യവർഷത്തിൽ അതിർത്തിപ്രദേശത്ത്‌ ഗോത്രവർഗക്കാരുടെ നുഴഞ്ഞുകയറ്റത്തെയും ശത്രുതാപ്രവർത്തനങ്ങളെയും തകർക്കുന്നതിലും കാശ്‌മീരിനെ പ്രതിരോധിക്കുന്നതിലും ഇന്ത്യന്‍ വ്യോമസേന പ്രധാന പങ്കുവഹിക്കുകയുണ്ടായി. ശത്രുസേനയാൽ വളയപ്പെട്ട പൂഞ്ച്‌ പട്ടണത്തിൽനിന്നു 30,000 അഭയാർഥികളെ ഒഴിപ്പിച്ച്‌ രക്ഷപ്പെടുത്താനും ഇന്ത്യന്‍ വ്യോമസേനയ്‌ക്ക്‌ കഴിഞ്ഞു. ഉന്നതനിലവാരമുള്ള യന്ത്രാപകരണങ്ങളോ, നല്ലയിനം വിമാനങ്ങളോ ഇല്ലാതിരുന്നിട്ടും ഇന്ത്യന്‍ വ്യോമസേന അക്കാലത്തു കൈവരിച്ച നേട്ടങ്ങള്‍ വിസ്‌മയജനകങ്ങളാണ്‌.
ഇന്ത്യ, റിപ്പബ്ലിക്ക്‌ ആയതോടെ സേനയുടെ പേർ, "ഇന്ത്യന്‍ വ്യോമസേന' (ഇന്ത്യന്‍ എയർഫോഴ്‌സ്‌) എന്നു മാറ്റി. 1954 ഏ. 1-ന്‌ എയർമാർഷൽ ജറാള്‍ഡ്‌ ഗിബ്‌സിനുപകരം എയർമാർഷൽ എസ്‌. മുഖർജി വ്യോമസേനാത്തലവനായി അധികാരമേറ്റതോടെ ഈ സൈന്യവിഭാഗത്തിന്റെ നേതൃത്വം പൂർണമായും ഇന്ത്യാക്കാരിലായിത്തീർന്നു.
സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷവും പോർച്ചുഗീസുകാർ തങ്ങളുടെ കോളനികളാക്കി നിലനിർത്തുവാന്‍ ശ്രമിച്ച ഗോവ, ദാമന്‍, ദിയൂ എന്നിവിടങ്ങളെ ഇന്ത്യന്‍ യൂണിയനിൽ ലയിപ്പിക്കുവാന്‍ കൈക്കൊള്ളേണ്ടിവന്ന സൈനികനടപടികളിൽ വ്യോമസേന പങ്കുവഹിച്ചു (1961). ഗോവയിലെ ദാബോലിം വിമാനത്താവളത്തിൽ ബോംബാക്രമണം നടത്തി പോർച്ചുഗീസുകാരുടെ വ്യോമാധിപത്യവും വാർത്താവിനിമയബന്ധങ്ങളും തകർക്കാനും ദാമന്‍, ദിയൂ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ കൈവശപ്പെടുത്തി അവ പോർച്ചുഗീസുകാർക്ക്‌ അപ്രാപ്യമാക്കുവാനും വ്യോമസേനയ്‌ക്കു കഴിഞ്ഞു. 1954-61 കാലത്ത്‌ ഇന്ത്യന്‍ വ്യോമസേനയുടെ ആയുധശേഖരത്തിലും പ്രഹരശേഷിയിലുമുണ്ടായ വികാസത്തിന്റെ വ്യക്തമായ സൂചനയാണ്‌ ഇതു നല്‌കുന്നത്‌.
1962-ലെ ഇന്ത്യാ-ചൈനാ സംഘട്ടനം ഇന്ത്യന്‍ സൈന്യത്തിന്റെ ചരിത്രത്തിലെ ഇരുണ്ട ഏടുകളാണ്‌. അപ്രതീക്ഷിതവും സുസജ്ജവുമായ ആക്രമണത്തിലൂടെ ഇന്ത്യന്‍ സേനയ്‌ക്ക്‌ കനത്ത നാശനഷ്‌ടങ്ങള്‍ വരുത്തുവാന്‍, ഉന്നതമേഖലായുദ്ധതന്ത്രങ്ങളിൽ മികച്ച പരിശീലനവും മെച്ചപ്പെട്ട ആയുധങ്ങളും സ്വായത്തമായിരുന്ന ചീനർക്കു കഴിഞ്ഞു. ഇന്ത്യയുടെ വടക്ക്‌ കിഴക്കന്‍ അതിർത്തി മേഖലകള്‍ ഉള്‍പ്പെട്ടിരുന്ന കിഴക്കന്‍ സമരമുഖത്താണ്‌ കൂടുതൽ പരാജയം സംഭവിച്ചത്‌. മുന്നണിപ്പോരാളികള്‍ക്ക്‌ അവശ്യസാധനങ്ങള്‍ തക്കസമയത്ത്‌ എത്തിക്കുക, ശത്രുസങ്കേതങ്ങള്‍ നിരീക്ഷിച്ച്‌ കാലാള്‍പ്പടയ്‌ക്ക്‌ മുന്നറിയിപ്പു നല്‌കുക, കൂട്ടംപിരിഞ്ഞ്‌ ഒറ്റപ്പെട്ടുപോയ സൈനികരെ വീണ്ടെടുത്ത്‌ രക്ഷിക്കുക, മുറിവേറ്റ പട്ടാളക്കാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു നീക്കുക തുടങ്ങിയ കർത്തവ്യങ്ങള്‍ ചിട്ടയായി നിർവഹിച്ചുകൊണ്ട്‌ വ്യോമസേനയുടെ ഹെലിക്കോപ്‌റ്റർ വിഭാഗം യുദ്ധരംഗത്തു നിലയുറപ്പിച്ചിരുന്നു. അതി സാഹസികമായ ദൗത്യങ്ങളിലൂടെ ഇന്ത്യന്‍ഭാഗത്തെ നാശനഷ്‌ടങ്ങള്‍ പരമാവധി കുറയ്‌ക്കുന്നതിന്‌ വ്യോമസേനയ്‌ക്കു കഴിഞ്ഞു.
1965-ലെ പാകിസ്‌താന്റെ ആക്രമണം ഇന്ത്യന്‍ വ്യോമസേനയെ സംബന്ധിച്ചിടത്തോളം ഒരഗ്നിപരീക്ഷണമായിരുന്നു. 1965 സെപ്‌. 1-ന്‌ പാകിസ്‌താന്‍സേന അന്തർദേശീയ അതിർത്തി ലംഘിച്ച്‌ ഇന്ത്യയിലേക്ക്‌ കടന്നുകയറി. പാകിസ്‌താന്റെ കവചിത സേനാവിഭാഗമായിരുന്നു ഈ ആക്രമണത്തിൽ പ്രധാന പങ്കുവഹിച്ചത്‌. മണിക്കൂറുകള്‍ക്കകം തന്നെ ഇന്ത്യന്‍ വ്യോമസേന ഈ കടന്നാക്രമണത്തിനു ശക്തമായ തിരിച്ചടി നല്‌കുകയുണ്ടായി. പാകിസ്‌താന്റെ 25 ടാങ്കുകള്‍ പ്രവർത്തനരഹിതമാക്കാനും 73 പാക്‌വിമാനങ്ങള്‍ നശിപ്പിക്കാനും ഇന്ത്യന്‍ വ്യോമസേനയ്‌ക്ക്‌ ഒറ്റദിവസംകൊണ്ട്‌ കഴിഞ്ഞു. ഇന്ത്യയ്‌ക്ക്‌ നഷ്‌ടപ്പെട്ടതാകട്ടെ രണ്ട്‌ വാമ്പയർവിമാനങ്ങള്‍ മാത്രമായിരുന്നു. ഛംബ്‌ (Chhamb)യുദ്ധമേഖലയിൽവച്ച്‌ ഇന്ത്യന്‍ വ്യോമസേനയിലെ സ്‌ക്വാഡ്രന്‍ ലീഡർ ട്രിവോർ കീലർ (Trevor Keeler), സെപ്‌. 3-ന്‌ അന്തർദേശീയ അതിർത്തി ലംഘിച്ച്‌ ഇന്ത്യയിലേക്ക്‌ കടന്നുകയറിയ ഒരു പാകിസ്‌താന്‍ സാബർ യുദ്ധവിമാനത്തെ വെടിവച്ചുവീഴ്‌ത്തി. അടുത്ത 20 ദിവസങ്ങള്‍ക്കകം പാകിസ്‌താന്‌ കനത്ത നാശനഷ്‌ടങ്ങള്‍ വരുത്തിക്കൊണ്ട്‌ വ്യോമമേധാവിത്വം തങ്ങള്‍ക്കാണെന്ന്‌ ഇന്ത്യ അസന്ദിഗ്‌ധമായി തെളിയിച്ചു. ശത്രുരാജ്യത്തിലേക്ക്‌ കടന്നുചെന്നു പ്രത്യാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിലും ഇന്ത്യന്‍ വ്യോമസേന അതുല്യശക്തിയാണെന്ന്‌ 1965-ലെ യുദ്ധം തെളിയിച്ചു. ഈ യുദ്ധത്തിനുശേഷം ഇന്ത്യന്‍ വ്യോമസേന അത്യാധുനിക യുദ്ധമുറകളിൽ പ്രത്യേക പരിശീലനം നേടി.
1971-ൽ കിഴക്കന്‍ പാകിസ്‌താന്‍ വിമോചന സമരത്തിലൂടെ ബംഗ്ലാദേശ്‌ ആയി മാറിയതിനോടനുബന്ധിച്ചുണ്ടായ ഇന്ത്യാ-പാകിസ്‌താന്‍ സംഘട്ടനത്തിലും ഇന്ത്യന്‍ വ്യോമസേന സാരമായ പങ്കു വഹിച്ചു. പടിഞ്ഞാറേ അതിർത്തി ലംഘിച്ച്‌ പാകിസ്‌താന്‍ നടത്തിയ മിന്നലാക്രമണത്തിന്‌ കനത്ത തിരിച്ചടി നല്‌കാന്‍ ഇന്ത്യന്‍ വ്യോമസേനയ്‌ക്ക്‌ ഏറെനേരം വേണ്ടിവന്നില്ല. ഉടനടി ആകാശപ്രത്യാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിലും കിഴക്കന്‍ മേഖലയിൽ ഇന്ത്യന്‍കരസേനയ്‌ക്കു ഫലപ്രദമായ സഹായസഹകരണങ്ങള്‍ നല്‌കുന്നതിലും പാകിസ്‌താന്‍ വ്യോമസേനയെ കിഴക്കന്‍മേഖലയിൽ തടഞ്ഞുനിർത്തുന്നതിലും പടിഞ്ഞാറന്‍ മേഖലയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ വ്യോമപ്രതിരോധം നിർവഹിക്കുന്നതിലും പാകിസ്‌താന്‍ വ്യോമസേനയുടെ പ്രവർത്തനപരിധി ചുരുക്കിക്കൊണ്ടുവരുന്നതിലും ശത്രുസേനയുടെ വിതരണ സജ്ജീകരണങ്ങളും വാർത്താവിനിമയസൗകര്യങ്ങളും തകർക്കുന്നതിലും ഫലപ്രദമായ വ്യോമനിരീക്ഷണം നിർവഹിക്കുന്നതിലും ശത്രുക്കളുടെ നാവികനീക്കങ്ങള്‍ അറബിക്കടലിലുടനീളം നിരീക്ഷിക്കുന്നതിലുമെല്ലാം ഇന്ത്യന്‍ വ്യോമസേന പ്രകടിപ്പിച്ച പ്രാഗല്‌ഭ്യം അദ്‌ഭുതാവഹമായിരുന്നു. എച്ചത്തിൽ രണ്ടു സൈന്യങ്ങളും ഏകദേശം തുല്യമായിരുന്നിട്ടും ഇന്ത്യന്‍ സൈനികരുടെ സാമർഥ്യവും ധീരതയുംകൊണ്ടാണ്‌ ഇന്ത്യയ്‌ക്കു വ്യോമാധീശത്വം സ്ഥാപിക്കാന്‍ കഴിഞ്ഞത്‌. 1971-ലെ യുദ്ധത്തിൽ പാകിസ്‌താന്‍ ഉപയോഗിച്ചിരുന്നത്‌ 104-സ്റ്റാർ ഫൈറ്റർ, മിഗ്‌-19, സാബർജെറ്റ്‌, മിറാഷ്‌ മുതലായ യുദ്ധവിമാനങ്ങളായിരുന്നു. ഇന്ത്യന്‍ യുദ്ധവിമാനങ്ങളിൽ പ്രധാനപ്പെട്ടവ വളരെ വേഗതയും നിയന്ത്രണക്ഷമതയുമുള്ള എച്ച്‌.എഫ്‌-24. ഹണ്ടർ, മിഗ്‌, നാറ്റ്‌ മുതലായവയായിരുന്നു.
1987-ലെ ഇന്ത്യാ-ശ്രീലങ്കാ കരാർ പ്രകാരം ശ്രീലങ്കയിൽ സമാധാനം പുനഃസ്ഥാപിക്കുന്ന ദൗത്യത്തിൽ മറ്റ്‌ ഇന്ത്യന്‍സേനാഘടകങ്ങളോടൊപ്പം വ്യോമസേനയും പങ്കെടുത്തിരുന്നു. മാലി ദ്വീപുകളിലെ ഭരണകൂടത്തിനെതിരെ നടന്ന അട്ടിമറിശ്രമത്തെ നേരിടുന്നതിന്‌ ആഗ്രയിൽ നിന്നുള്ള പാരച്യൂട്ട്‌ ബറ്റാലിയനും ഉള്‍പ്പെട്ടിരുന്നു. ഐക്യരാഷ്‌ട്രസഭയുടെ നിർദേശാനുസരണം ഇന്ത്യന്‍ വ്യോമസേന 1993-ൽ സോമാലിയയിലും 2000-ത്തിൽ സിയറലിയോനിലും സമാധാനദൗത്യങ്ങള്‍ ഏറ്റെടുക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ യുദ്ധഭൂമി എന്ന്‌ വിശേഷിക്കപ്പെടുന്ന സിയാച്ചിനിലെ പ്രതികൂല സാഹചര്യങ്ങളെ തരണംചെയ്‌ത്‌ അവിടത്തെ സൈനികക്യാമ്പിലേക്കാവശ്യമുള്ള ആയുധങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ എത്തിക്കുന്നത്‌ ഇന്ത്യന്‍ വ്യോമസേനയാണ്‌. അടുത്ത കാലങ്ങളിൽ നടന്ന അതിർത്തിത്തർക്കങ്ങളിലെല്ലാം ഇന്ത്യന്‍ വ്യോമസേന നിർണായക പങ്കുവഹിച്ചിട്ടുണ്ട്‌.
സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷം പ്രധാനപ്പെട്ട മൂന്നുയുദ്ധങ്ങളിൽ പങ്കെടുക്കുകയും അതിവിശാലമായ ഇന്ത്യയുടെ വൈവിധ്യമാർന്ന അതിർത്തികളിലും വിഭിന്ന കാലാവസ്ഥകളിലും ദൈനംദിന പ്രവർത്തനങ്ങള്‍ നടത്തുകയും ചെയ്‌തതിന്റെ ഫലമായി ഇന്ന്‌ ഇന്ത്യന്‍ വ്യോമസേന ശക്തിയിലും കഴിവിലും സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ പ്രവർത്തിക്കുന്നതിലും ഒരു വന്‍ശക്തിയായി വളർന്നിട്ടുണ്ട്‌. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ ശക്തി പ്രകടമാക്കുവാന്‍ പോന്ന സന്നാഹക്ഷമതയും സൈനികമികവും നേടിയ ഇന്ത്യന്‍ വ്യോമസേന ഇന്ന്‌ ലോകത്തിലെ നാലാമത്തെ വലിയ വ്യോമശക്തിയാണ്‌. സാങ്കേതിക മികവിന്‌ ഊന്നൽ നൽകുന്ന വ്യോമസേനയ്‌ക്ക്‌ അത്യാധുനിക യുദ്ധവിമാനങ്ങള്‍, ചരക്കുവിമാനങ്ങള്‍, അവയ്‌ക്കുവേണ്ട അനുസാരികള്‍, അതിസൂക്ഷ്‌മങ്ങളും വിനാശതീക്ഷ്‌ണങ്ങളുമായ ആയുധസന്നാഹങ്ങള്‍, വിദൂരനിരീക്ഷണത്തിനും ആശയവിനിമയത്തിനും വേണ്ട ഉപകരണങ്ങള്‍ എന്നിവ സ്വന്തമായുണ്ട്‌. വ്യോമസേനയുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത്‌ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിൽ സുഖോയ്‌ 30 എം.കെ. ക, ജാഗ്വർ, എൽ.സി.എ. തേജസ്‌ തുടങ്ങിയ വിമാനങ്ങള്‍ നിർമിച്ചുവരുന്നു.

ആധുനികശക്തി

പഴഞ്ചന്‍ വാപിറ്റിസ്‌ (Wapitis) യുദ്ധവിമാനങ്ങളുപയോഗിച്ച്‌ ചെറിയതോതിൽ പ്രവർത്തനമാരംഭിച്ച ഇന്ത്യന്‍ വ്യോമസേന ഇന്ന്‌ അത്യാധുനികമായ ജറ്റ്‌ യുദ്ധവിമാനങ്ങളാണധികവും ഉപയോഗപ്പെടുത്തുന്നത്‌. 1948-ൽ ജറ്റ്‌നോദനംകൊണ്ട്‌ പ്രവർത്തിക്കുന്ന വാമ്പയേഴ്‌സ്‌ (Vampires) ഇന്ത്യന്‍ വ്യോമസേനയ്‌ക്ക്‌ ലഭ്യമാകുന്നതിനുമുമ്പ്‌ പിസ്റ്റണ്‍ എന്‍ജിന്‍കൊണ്ടു പ്രവർത്തിക്കുന്ന ഹാർട്ട്‌ (Hart), ഹേരിക്കേയിന്‍ (Harri-cane), ഡെക്കോട്ട (Dakota), വെന്‍ജിയന്‍സ്‌ (Vengeance), സ്‌പിറ്റ്‌ഫയർ (Spit fire) മുതലായ യുദ്ധവിമാനങ്ങളാണുപയോഗിച്ചിരുന്നത്‌. ലോക നിലവാരത്തിൽത്തന്നെ ഒന്നാംകിടയിൽപ്പെട്ടതെന്ന്‌ വിഖ്യാതമായ യുദ്ധവിമാനങ്ങളിൽ ചിലതും മികച്ച ബോംബർ വിമാനങ്ങളും സ്വന്തമായി നിർമിക്കാന്‍ ഇന്ത്യയ്‌ക്കു തരപ്പെട്ടിട്ടുണ്ട്‌. ഇന്ത്യന്‍ നിർമിതമായ തേജസ്‌ യുദ്ധവിമാനം ഉന്നത നിലവാരമുള്ളതാണ്‌. സുഖോയ്‌ /30ഗ, ജാഗ്വാർ വിമാനങ്ങളും ഇന്ത്യന്‍വ്യോമസേന സ്വന്തമാക്കിയിട്ടുണ്ട്‌. മിഗ്‌-29, മിറാഷ്‌-2000 എന്നീ യുദ്ധവിമാനങ്ങളും ഇന്ത്യയ്‌ക്കുണ്ട്‌.
ബോംബറുകള്‍, ലൈറ്റ്‌/മീഡിയം/ഹെവി എയർക്രാഫ്‌റ്റുകള്‍, വിവിധ ട്രാന്‍സ്‌പോർട്ട്‌ വിമാനങ്ങള്‍, പരിശീലന വിമാനങ്ങള്‍ പൈലറ്റില്ലാവിമാനങ്ങള്‍ എന്നീ ഇനങ്ങളിലായി നൂറുകണക്കിന്‌ വിമാനങ്ങള്‍ സേനയുടെ പക്കലുണ്ട്‌. ഇതുകൂടാതെ വ്യത്യസ്‌ത വിഭാഗത്തിൽപ്പെട്ട ഹെലിക്കോപ്‌റ്ററുകളെ ഉള്‍ക്കൊള്ളുന്ന സുസജ്ജമായൊരു ഹെലിക്കോപ്‌റ്റർ വിഭാഗവും വ്യോമസേയിൽ പ്രവർത്തിക്കുന്നു.
വ്യോമസേനയ്‌ക്കുവേണ്ടി പുതിയ വിമാനത്താവളങ്ങള്‍ നിർമിക്കുന്നതിലും, നിലവിലുള്ള വിമാനത്താവളങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ഏറെ പുരോഗതിയുണ്ടായിട്ടുണ്ട്‌. പശ്ചിമ-പൂർവ മേഖലകളിലാണ്‌ പുതിയ വിമാനത്താവളങ്ങള്‍ കൂടുതലും നിർമിക്കപ്പെട്ടിട്ടുള്ളത്‌. ജയ്‌സാൽമാർ, ഉത്തർലായ്‌, അമൃത്‌സർ തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരത്തിൽ പുതിയ വിമാനത്താവളങ്ങള്‍ നിർമിച്ചിട്ടുണ്ട്‌. കരുതൽ താവളങ്ങളായാണ്‌ ഇവയിൽ പലതും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. ആധുനിക സാങ്കേതിക മാർഗങ്ങളുപയോഗിച്ച്‌ പ്രധാനപ്പെട്ട സൈനികവിമാനത്താവളങ്ങള്‍ ശത്രുക്കള്‍ക്ക്‌ എളുപ്പം കണ്ടുപിടിക്കാനാവാത്ത വിധം മറച്ചുവയ്‌ക്കുന്നതിലും(camouflage) ഇന്ത്യന്‍വിദഗ്‌ധന്മാർ വിജയിച്ചിട്ടുണ്ട്‌. വിമാനത്താവളങ്ങളുടെയും വിമാനങ്ങളുടെയും വ്യോമായുധങ്ങളുടെയും അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നിർവഹിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇത്തരം വിമാനത്താവളങ്ങളിലൊരുക്കിയിട്ടുണ്ട്‌.

ചുമതലകള്‍

കരസേനയ്‌ക്കാവശ്യമായ സഹായസഹകരണങ്ങള്‍ നല്‌കുക, മർമപ്രധാനമായ സ്വന്തം സ്ഥാപനങ്ങള്‍ ശത്രുരാജ്യങ്ങളുടെ വ്യോമാക്രമണങ്ങളിൽനിന്നും കാത്തുരക്ഷിക്കുക, സമുദ്രത്തിനുമുകളിലൂടെ നിരീക്ഷണപറക്കലുകള്‍ നടത്തിയും മറ്റും നാവികസേനയ്‌ക്കാവശ്യമായ സഹകരണം നല്‌കുക, സൈനികാവശ്യത്തിനുള്ള ചരക്കു കയറ്റിറക്കു നിർവഹിക്കുകയും ഉപകരണങ്ങളെത്തിക്കുകയും ചെയ്യുക, ഇന്ത്യയുടെ വ്യോമാതിർത്തി വിദേശവിമാനങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്നു പരിശോധിക്കുകയും ഉണ്ടെങ്കിൽ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക, ശത്രുരാജ്യങ്ങളിൽനിന്ന്‌ ആക്രമണസാധ്യതയുണ്ടെങ്കിൽ അതു തടയാന്‍ വേണ്ടതു ചെയ്യുക എന്നിവയാണ്‌ വ്യോമസേനയുടെ പ്രധാന ചുമതലകള്‍.
സമാധാനകാലത്ത്‌ വ്യോമസേനയുടെ സേവനം മറ്റുരംഗങ്ങളിലും ഉപയോഗപ്പെടുത്താറുണ്ട്‌. വളരെ വേഗത്തിൽ ചരക്കു കയറ്റിറക്ക്‌ നിർവഹിക്കേണ്ടിവരുമ്പോഴും വെള്ളപ്പൊക്കംമൂലമോ മറ്റു കാരണങ്ങളാലോ ഒറ്റപ്പെട്ടുപോകുന്ന സ്ഥലങ്ങളിൽ ഭക്ഷണപദാർഥങ്ങളും മറ്റും ആകാശമാർഗം വിതരണം നടത്തേണ്ടിവരുമ്പോഴും വ്യോമസേനയുടെ സേവനം ഉപയോഗപ്പെടുത്തുന്നത്‌ മേല്‌പറഞ്ഞതിനുദാഹരണങ്ങളാണ്‌.
ഹെഡ്‌ക്വാർട്ടേഴ്‌സ്‌
വ്യോമസേനയുടെ ആസ്ഥാനം ന്യൂഡൽഹിയിലാണ്‌. സേനാമേധാവി "ചീഫ്‌ ഒഫ്‌ ദി എയർ സ്റ്റാഫ്‌' ആണ്‌. ഇദ്ദേഹത്തെ സഹായിക്കാന്‍ ആറ്‌ പ്രധാന സ്റ്റാഫ്‌ ഓഫീസർമാരുണ്ടായിരിക്കും. വൈസ്‌ ചീഫ്‌ ഒഫ്‌ ദ്‌ എയർസ്റ്റാഫ്‌, ഡെപ്യൂട്ടി ചീഫ്‌ ഒഫ്‌ ദ്‌ എയർ സ്റ്റാഫ്‌, എയർ ഓഫീസർ ഇന്‍ ചാർജ്‌ ഒഫ്‌ അഡ്‌മിനിസ്‌ട്രഷന്‍, എയർ ഓഫീസർ ഇന്‍ ചാർജ്‌ ഒഫ്‌ മെയിന്റനന്‍സ്‌, എയർ ഓഫീസർ ഇന്‍ ചാർജ്‌ ഒഫ്‌ പേഴ്‌സണൽ, ഡയറക്‌ടർ ജനറൽ ഒഫ്‌ ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ്‌ സേഫ്‌ടി എന്നിവരാണ്‌ പ്രധാനപ്പെട്ട സ്റ്റാഫ്‌ ഓഫീസർമാർ.
കമാന്റുകള്‍
ഇന്ത്യന്‍ വ്യോമസേനയെ ഏഴ്‌ വ്യോമസേനാ കമാന്‍ഡുകളായി വികേന്ദ്രീകരിച്ചിരിക്കുന്നു. ഇതിൽ അഞ്ച്‌ എച്ചം ഓപ്പറേഷണൽ കമാന്‍ഡുകളും രണ്ടെച്ചം ഫങ്‌ഷണൽ കമാന്‍ഡുകളുമാണ്‌. എയർ മാർഷൽ റാങ്കിലുള്ള എയർ ഓഫീസർ കമാന്‍ഡിങ്‌-ഇന്‍-ചീഫിനായിരിക്കും ഓരോ കമാന്‍ഡിന്റെയും ചുമതല.
ഓപ്പറേഷണൽ കമാന്‍ഡുകള്‍
(a)    വെസ്റ്റേണ്‍ എയർകമാന്‍ഡ്‌      ന്യൂഡൽഹി
(b) സൗത്ത്‌വെസ്റ്റേണ്‍ എയർകമാന്‍ഡ്‌    ഗാന്ധിനഗർ (ഗുജറാത്ത്‌)
(c) സെന്‍ട്രൽ എയർകമാന്‍ഡ്‌          അലഹബാദ്‌ (ഉത്തർപ്രദേശ്‌)
(d) ഇസ്റ്റേണ്‍ എയർകമാന്‍ഡ്‌    ഷില്ലോങ്‌ (മേഘാലയ)
(e) സതേണ്‍ എയർകമാന്‍ഡ്‌          തിരുവനന്തപുരം (കേരളം)
ഫങ്‌ഷണൽ കമാന്‍ഡുകള്‍
(a) ട്രയിനിങ്‌ കമാന്‍ഡ്‌  ബാംഗ്ലൂർ (കർണാടക)
(b) മെയിന്റനന്‍സ്‌ കമാന്‍ഡ്‌    നാഗ്‌പൂർ (മഹാരാഷ്‌ട്ര)
വിവിധ കമാന്‍ഡുകളുടെ കീഴിലായി 60-ഓളം വ്യോമ ബേസുകള്‍ ഇന്ന്‌ സേനയ്‌ക്കുണ്ട്‌. ചില ബേസുകള്‍ നിർമാണഘട്ടത്തിലുമുണ്ട്‌.
റാങ്കുകള്‍
വ്യോമസേനയിലെ കമ്മിഷന്‍ഡ്‌ ഓഫീസർപദവികള്‍ യഥാക്രമം എയർചീഫ്‌മാർഷൽ, എയർമാർഷൽ, എയർവൈസ്‌മാർഷൽ, എയർകോമഡോർ, ഗ്രൂപ്പ്‌ ക്യാപ്‌റ്റന്‍, വിങ്‌ കമാന്‍ഡർ, സ്‌ക്വാഡ്രന്‍ലീഡർ, ഫ്‌ളൈറ്റ്‌ ലെഫ്‌റ്റനന്റ്‌, ഫ്‌ളയിങ്‌ ഓഫീസർ എന്നിവയാണ്‌. മാസ്റ്റർ വാറണ്ട്‌ ഓഫീസർ, വാറണ്ട്‌ ഓഫീസർ, ജൂനിയർ വാറന്റ്‌ ഓഫീസർ, കോർപ്പറൽ, ലീഡിങ്‌ എയർ ക്രാഫ്‌റ്റ്‌സ്‌മാന്‍, എയർ ക്രാഫ്‌റ്റ്‌സ്‌മാന്‍ എന്നിവയാണ്‌ വ്യോമസേനയിലെ മറ്റു റാങ്കുകള്‍.

പരിശീലനം

അത്യാധുനിക യുദ്ധോപകരണങ്ങള്‍, യുദ്ധവിമാനങ്ങള്‍ എന്നിവകൊണ്ടോ സംഖ്യാബലംകൊണ്ടോ മാത്രം ഒരു വ്യോമസേനയ്‌ക്കും നിർണായകവിജയം നേടാനാവില്ല. അത്യാധുനികരീതിയിലുള്ള നിരന്തരമായ പരിശീലനവും മികച്ച വൈദഗ്‌ധ്യവും കൂടിയുണ്ടെങ്കിലേ വിജയം സുനിശ്ചിതമാവുകയുള്ളൂ. ഈ ലക്ഷ്യം നേടുന്നതിന്‌ ഇന്ത്യയിൽ അനേകം പരിശീലനസ്ഥാപനങ്ങള്‍ പ്രവർത്തിച്ചുവരുന്നു. ഹൈദരാബാദിലുള്ള എയർഫോഴ്‌സ്‌ അക്കാദമിയിൽ ഫ്‌ളൈയിങ്‌ ഓഫീസർമാർക്കും മറ്റു വ്യോമസേനാജീവനക്കാർക്കും മികച്ച രീതിയിലുള്ള പരിശീലനം നല്‌കിവരുന്നു. വ്യോമസേനയിലേക്കാവശ്യമുള്ള സാങ്കേതിക വിദഗ്‌ധന്മാരെ പരിശീലിപ്പിക്കുന്ന സ്ഥാപനമെന്നനിലയ്‌ക്ക്‌ എയർഫോഴ്‌സ്‌ ടെക്‌നിക്കൽ കോളജും, ഭരണവിദഗ്‌ധന്മാരെ പരിശീലിപ്പിച്ചെടുക്കുന്നതിന്‌ എയർഫോഴ്‌സ്‌ അഡ്‌മിനിസ്‌ട്രറ്റീവ്‌ കോളജും നിലവിലുണ്ട്‌. പരിശീലനത്തിനും സാങ്കേതികപഠനങ്ങള്‍ക്കുമായി ഇന്ത്യന്‍ വ്യോമസേനയിലെ ഓഫീസർമാരെയും സാങ്കേതിക വിദഗ്‌ധരെയും വിദേശരാജ്യങ്ങളിലെ ബന്ധപ്പെട്ട കേന്ദ്രങ്ങളിലയയ്‌ക്കാറുണ്ട്‌. ഇന്തോനേഷ്യയിലെ "എയർഫോഴ്‌സ്‌ ആന്‍ഡ്‌ കമാന്‍ഡ്‌ കോളജി'ൽ ഇന്ത്യയിൽനിന്നും ഓഫീസർമാരെ പരിശീലനത്തിനയയ്‌ക്കാറുണ്ട്‌. നമ്മുടെ വ്യോമസേനാസ്ഥാപനങ്ങളിൽ സുഹൃത്‌രാജ്യങ്ങളിലെ ഓഫീസർമാർക്കും പരിശീലനം നല്‌കാറുണ്ട്‌. നാഷണൽ ഡിഫന്‍സ്‌ അക്കാദമിയിൽനിന്നു പരിശീലനം നേടിയവരെയാണ്‌ ഫ്‌ളൈയിങ്‌ ബ്രാഞ്ചുകളിൽ ഏറിയകൂറും നിയമിക്കാറുള്ളത്‌. പരിശീലനസൗകര്യങ്ങള്‍ കൂടുതൽ വർധിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്‌.
ഇന്ത്യന്‍ വ്യോമസേന - പ്രധാന പരിശീലന കേന്ദ്രങ്ങള്‍
1.     എയർഫോഴ്‌സ്‌ അക്കാദമി      -      ഹൈദരാബാദ്‌
(ആന്ധ്രപ്രദേശ്‌)
2.     എയർഫോഴ്‌സ്‌ ടെക്‌നിക്കൽ കോളജ്‌     -      ബാംഗ്ലൂർ
(കർണാടക)
3.     എയർഫോഴ്‌സ്‌ അഡ്‌മിനിസ്‌ട്രറ്റീവ്‌      -      കോയമ്പത്തൂർ
കോളജ്‌       (തമിഴ്‌നാട്‌)
4.     ഫ്‌ളൈയിങ്‌ ഇന്‍സ്‌ട്രക്‌റ്റേഴ്‌സ്‌    -      താമ്പരം
സ്‌കൂള്‍       (തമിഴ്‌നാട്‌)
5.     പാരാട്രൂപ്പേഴ്‌സ്‌ ട്രയിനിങ്‌ കോളജ്‌      -      ആഗ്ര
(ഉത്തർപ്രേദശ്‌)

ശാഖകള്‍

ശാഖകള്‍. ഫ്‌ളൈയിങ്‌, ഗ്രൗണ്ട്‌ ഡ്യൂട്ടി എന്നിങ്ങനെ രണ്ട്‌ ശാഖകളായി വ്യോമസേന വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഓരോ ശാഖയിലും നിരവധി ഉപശാഖകളുമുണ്ട്‌.
ഫ്‌ളൈയിങ്‌ ശാഖ
ഫ്‌ളൈയിങ്‌ ശാഖയിൽ ഫ്‌ളൈയിങ്‌ പൈലറ്റ്‌സ്‌, ഫ്‌ളൈയിങ്‌ നാവിഗേറ്റേഴ്‌സ്‌ എന്നിങ്ങനെ രണ്ട്‌ വിഭാഗമുണ്ട്‌. ഫ്‌ളൈയിങ്‌ പൈലറ്റ്‌സ്‌ വിഭാഗത്തിൽ ട്രാന്‍സ്‌പോർട്ട്‌, ഫൈറ്റർ, ഹെലിക്കോപ്‌ടർ എന്നിവയ്‌ക്കായി പ്രത്യേകം പ്രത്യേകം പൈലറ്റുമാരുണ്ട്‌. ഈ ശാഖയിലെ ഒരു പൈലറ്റ്‌ അത്യുന്നതമായ പരിശീലനം സിദ്ധിച്ചയാളും തെളിയിക്കപ്പെട്ട കഴിവുകളുള്ളവനുമായിരിക്കണം. വിമാനം പറത്തുന്നതിൽ മാത്രമല്ല, മറ്റനേകം ടെക്‌നിക്കുകള്‍ വിദഗ്‌ധമായി സന്ദർഭത്തിനൊത്ത്‌ പ്രയോഗിക്കുന്നതിലും അയാള്‍ക്ക്‌ പ്രാഗല്‌ഭ്യമുണ്ടായിരിക്കണം. ഒരാധുനിക യുദ്ധവിമാനത്തിന്റെ ഭാരിച്ച വില കൂടി കണക്കിലെടുത്ത്‌ വിമാനത്തിന്റെയും പൈലറ്റിന്റെയും സുരക്ഷിതത്വം പരമാവധി ഉറപ്പുവരുത്തത്തക്ക രീതിയിലുള്ള പരിശീലനങ്ങളാണ്‌ വ്യോമസേനാവൈമാനികർക്കു നല്‌കിവരുന്നത്‌. ഉന്നതനിലവാരത്തിലുള്ള സാങ്കേതിക പരിജ്ഞാനവും പ്രാഗല്‌ഭ്യവും ധീരതയും വ്യോമസേനയിലെ വൈമാനികർക്കു സ്വായത്തമാക്കാന്‍ ഇത്തരം പരിശീലനങ്ങളിലൂടെ കഴിഞ്ഞിരിക്കും. കാറ്റിന്റെ ഗതിവേഗത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, കാന്തിക ഏറ്റക്കുറച്ചിലുകള്‍, ആധുനിക ഉപകരണങ്ങളുടെ സങ്കീർണതകള്‍ മുതലായവ മനസ്സിലാക്കി സന്ദർഭത്തിനൊത്തുയരാനും പൈലറ്റിനു കഴിവുണ്ടായിരിക്കണം. വ്യോമ നാവിഗേഷനുമായി ബന്ധപ്പെട്ട പ്രവർത്തികള്‍ ചെയ്യുന്ന ഫ്‌ളൈയിങ്‌ നാവിഗേറ്റർമാരും ഫ്‌ളൈയിങ്‌ ശാഖയിൽ ഒരു വിഭാഗമായി പ്രവർത്തിക്കുന്നു.
ഗ്രൗണ്ട്‌ഡ്യൂട്ടി ശാഖ
ടെക്‌നിക്കൽ, നോണ്‍ ടെക്‌നിക്കൽ എന്നിങ്ങനെ രണ്ട്‌ പ്രധാന വിഭാഗങ്ങളാണ്‌ ഗ്രൗണ്ട്‌ഡ്യൂട്ടി ശാഖയ്‌ക്കുകീഴിൽ വരുന്നത്‌.
ടെക്‌നിക്കൽ ശാഖകള്‍
വ്യോമവാഹനങ്ങളും വിവിധതരം സാങ്കേതിക ഉപകരണങ്ങളും പ്രയോഗക്ഷമമായ വിധത്തിൽ സൂക്ഷിക്കേണ്ടത്‌ സാങ്കേതികശാഖയിലെ ഓഫീസർമാരുടെ ചുമതലയാണ്‌. ഉപകരണങ്ങളും അവ ഉപയോഗപ്പെടുത്തുന്ന സാങ്കേതിക മാർഗങ്ങളും പരിഷ്‌കരിക്കുന്നതിലും സാങ്കേതിക ശാഖയിലുള്ളവർ ശ്രദ്ധിക്കേണ്ടതുണ്ട്‌. ഒരു വ്യോമസേന എന്‍ജിനീയർ ഓഫീസർക്ക്‌ സ്ഥിരം താവളങ്ങളിലെന്നപോലെ യുദ്ധമുന്നണിയിലും പ്രവർത്തിക്കേണ്ടിവരും. വ്യോമവാഹനങ്ങള്‍ എപ്പോഴും പ്രവർത്തനക്ഷമമാക്കിവയ്‌ക്കേണ്ടതും, അവയുടെ അറ്റകുറ്റപ്പണികള്‍ തീർത്ത്‌ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ അപ്പോഴപ്പോള്‍ ശ്രദ്ധിക്കേണ്ടതും എന്‍ജിനീയർമാരാണ്‌. വ്യോമസേനയ്‌ക്കാവശ്യമായ സാങ്കേതികോപകരണങ്ങളുടെ ചുമതലയും അവ മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള ഗവേഷണങ്ങളുടെ ചുമതലയും എന്‍ജിനീയർമാർക്കാണുള്ളത്‌. എല്ലാത്തരം വൈദ്യുതോപകരണങ്ങളും വിമാനങ്ങളിലെ ഫോട്ടോഗ്രാഫിക്‌ ഉപകരണങ്ങളും പ്രവർത്തനസജ്ജമായി സൂക്ഷിക്കേണ്ടത്‌ ഇലക്‌ട്രിക്കൽ എന്‍ജിനീയർമാരുടെ കടമയാണ്‌. വാർത്താവിനിമയ സജ്ജീകരണങ്ങള്‍, ഗതാഗത സഹായകോപകരണങ്ങള്‍, റഡാർ മുതലായവ സിഗ്നൽ ഓഫീസർമാരുടെ ചുമതലയിലാണ്‌. ബോംബുകള്‍, എയർക്രാഫ്‌റ്റ്‌ മെഷീന്‍ഗച്ചുകള്‍ മുതലായവയുടെ സജ്ജീകരണം, പരിശോധന, അറ്റകുറ്റപ്പണികള്‍ തീർക്കൽ, ഇവയുമായി ബന്ധപ്പെട്ട ഗവേഷണപ്രവർത്തനങ്ങള്‍ എന്നിവ സാങ്കേതികശാഖാ ഓഫീസർമാരാണ്‌ നിർവഹിക്കേണ്ടത്‌. ടെക്‌നിക്കൽ ശാഖ പ്രധാനമായും രണ്ടായി വിഭജിച്ചിരിക്കുന്നു. എയ്‌റോനോട്ടിക്കൽ എന്‍ജിനീയേഴ്‌സ്‌ ഇന്‍ മെക്കാനിക്കൽ ബ്രാഞ്ച്‌ [AE(M)], എയ്‌റോനോട്ടിക്കൽ എന്‍ജിനീയേഴ്‌സ്‌ ഇന്‍ ഇലക്‌ട്രാണിക്‌ ബ്രാഞ്ച്‌ [AE(E)] എന്നിവയാണവ.
നോണ്‍ ടെക്‌നിക്കൽ ശാഖകള്‍
ഈ ശാഖയ്‌ക്ക്‌ കീഴിൽ ഉപകരണശാഖ, വിദ്യാഭ്യാസശാഖ, ഭരണശാഖ, കാലാവസ്ഥാശാഖ, അക്കൗണ്ട്‌സ്‌ശാഖ എന്നീ ഉപശാഖകള്‍ ഉണ്ട്‌.
ഉപകരണശാഖ
സ്റ്റേഷനറി, ഫർണിച്ചർ എന്നിവ ഒഴികെ വ്യോമസേനയ്‌ക്കാവശ്യമായ ഏറിയകൂറും സാധനസാമഗ്രികളുടെ സംഭരണവും വിതരണവും ഉപകരണശാഖയാണ്‌ നിർവഹിക്കുന്നത്‌. കണിശമായ ആസൂത്രണവിതരണസമ്പ്രദായങ്ങളും കൃത്യമായ കണക്കുസൂക്ഷിപ്പും ഈ ശാഖയുടെ പ്രത്യേകതയാണ്‌.
വിദ്യാഭ്യാസശാഖ
സുസംഘടിതവും പ്രഗല്‌ഭവും കഴിവുറ്റതുമായ ഒരു വ്യോമസേനയെ സൃഷ്‌ടിക്കുന്നതിൽ ഈ ശാഖയ്‌ക്കുള്ള പങ്ക്‌ നിർണായകമാണ്‌. വിദ്യാഭ്യാസ ഓഫീസർ ഒരു മാതൃകാധ്യാപകന്റെ എല്ലാ ഗുണങ്ങളുമുള്ള ആളായിരിക്കണം. വിദ്യാഭ്യാസ ഓഫീസർമാരാണ്‌ പൊതുവിദ്യാഭ്യാസത്തിന്റെ ചുമതലക്കാർ. സൈനികരുടെ കുട്ടികള്‍ക്കുള്ള സ്‌കൂളുകളുടെ ഭരണച്ചുമതലയും ലൈബ്രറികളുടെയും മറ്റു സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും മേൽനോട്ടവും വിദ്യാഭ്യാസ ഓഫീസർമാർ നിർവഹിക്കേണ്ടതുണ്ട്‌.
ഭരണശാഖ
സാങ്കേതിക കാര്യങ്ങളൊഴിച്ചുള്ള പൊതുവായ സംഘടനാപ്രശ്‌നങ്ങളും ഭരണപരമായ പ്രശ്‌നങ്ങളും ഈ ശാഖയാണ്‌ കൈകാര്യം ചെയ്യുന്നത്‌. അഡ്‌ജുറ്റന്റുമാർ, ആരോഗ്യകാര്യ ഓഫീസർമാർ, റിക്രൂട്ടിങ്‌ ഓഫീസർമാർ, ആകാശസഞ്ചാരനിയന്ത്രണ ഓഫീസർമാർ മുതലായവർ ഈ ശാഖയിൽപ്പെട്ടവരാണ്‌.
കാലാവസ്ഥാശാഖ
യുദ്ധകാലത്തും സമാധാനകാലത്തും ഒരുപോലെ വ്യോമസൈനികരുടെ സുഹൃത്തുക്കളും വഴികാട്ടികളുമായി പ്രവർത്തിക്കുന്നവരാണ്‌ ഈ ശാഖയിലെ ഓഫീസർമാർ. ഒറ്റയ്‌ക്കോ കൂട്ടായോ ആക്രമണ-പ്രതിരോധ പ്രവർത്തനങ്ങള്‍ സംഘടിപ്പിക്കേണ്ടിവരുന്ന വ്യോമസേനയിലെ വൈമാനികർക്ക്‌ ഇവരുടെ സഹായസഹകരണങ്ങള്‍ ഒഴിച്ചുകൂടാനാവാത്തതാണ്‌. വ്യോമയാനത്തിന്‌ ആവശ്യമായ നിർണായകവസ്‌തുതകളാണ്‌ ഈ ശാഖ അപ്പപ്പോള്‍ നല്‌കുവാന്‍ ബാധ്യസ്ഥമായിട്ടുള്ളത്‌. കാലാവസ്ഥാസ്ഥിതിഗതികളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും വസ്‌തുനിഷ്‌ഠമായ വിവരങ്ങളും വൈമാനികർക്ക്‌ മുറതെറ്റാതെ നല്‌കിക്കൊണ്ടിരിക്കുന്നതും ഈ ശാഖയാണ്‌.
അക്കൗണ്ട്‌സ്‌ശാഖ
സേനയുമായി ബന്ധപ്പെട്ട വരവു-ചെലവു കണക്കുകള്‍ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും ഈ ശാഖയാണ്‌.






2ഇന്ത്യന്‍ നാവികസേന

ഇന്ത്യന്‍ സേനയിലെ മൂന്നു പ്രധാന വിഭാഗങ്ങളിലൊന്ന്‌; കരസേന, വ്യോമസേന എന്നിവയാണ്‌ മറ്റു വിഭാഗങ്ങള്‍. ഇന്ത്യന്‍ സമുദ്രതീരങ്ങളുടെയും അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും അങ്ങിങ്ങായി ചിതറികിടക്കുന്ന നിരവധി ഇന്ത്യന്‍ ദ്വീപുകളുടെയും പ്രതിരോധം, സമുദ്രാതിർത്തിയിൽക്കൂടി സഞ്ചരിക്കുന്ന ചരക്കുകപ്പലുകള്‍ക്കുവേണ്ട സഹായമെത്തിക്കൽ, സുരക്ഷിതമായി കപ്പൽഗതാഗതത്തിനു വേണ്ടിയുള്ള കപ്പൽചാലുകളുടെ ചാർട്ടുണ്ടാക്കൽ, ചാലുകള്‍ തെറ്റിയാത്രയിൽ മണൽത്തിട്ടയിൽ ഉറയ്‌ക്കുന്ന കപ്പലുകളുടെ രക്ഷയ്‌ക്കുവേണ്ടിയുള്ള ഏർപ്പാടുണ്ടാക്കൽ, മത്സ്യബന്ധനബോട്ടുകളുടെയും കപ്പലുകളുടെയും സുരക്ഷിതത്വം തുടങ്ങിയ ചുമതലകള്‍ ഇന്ത്യന്‍ നേവി നിർവഹിച്ചുവരുന്നു. കൂടാതെ പണിമുടക്കുമൂലമോ മറ്റേതെങ്കിലും കാരണത്താലോ തുറമുഖപ്രവർത്തനങ്ങള്‍ സ്‌തംഭനാവസ്ഥയിലെത്തിയാൽ അത്‌ ഏറ്റെടുക്കുക, കൊടുങ്കാറ്റ്‌, ചുഴലിക്കാറ്റ്‌, ഭൂമികുലുക്കം, വരള്‍ച്ച, വെള്ളപ്പൊക്കം മുതലായ കെടുതികള്‍ ഉണ്ടാകുമ്പോള്‍ അതിൽപ്പെട്ടുഴലുന്നവർക്ക്‌ ആശ്വാസമെത്തിക്കുക എന്നിവയും ഇന്ത്യന്‍ നേവിയുടെ കർത്തവ്യങ്ങളിൽപ്പെടുന്നു. നേവിയിലെ മുങ്ങൽവിദഗ്‌ധർ വിലയേറിയ സേവനങ്ങള്‍ നല്‌കാറുണ്ട്‌.

യുദ്ധസമയത്ത്‌ ഇന്ത്യയുടെയും സുഹൃദ്‌ രാജ്യങ്ങളുടെയും കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതത്തിനുറപ്പുവരുത്തുകയും തദ്വാര അവശ്യവസ്‌തുക്കളുടെ സംഭരണവും വിതരണവും സുഗമമാക്കുകയും ഇന്ത്യന്‍ നാവികസേനയുടെ കർത്തവ്യങ്ങളാണ്‌. സമാധാനകാലങ്ങളിൽ ഇന്ത്യന്‍ നാവികസേനാകപ്പലുകള്‍ സൗഹൃദസന്ദർശനങ്ങള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തുറമുഖങ്ങളിലേക്കു പോകാറുണ്ട്‌. ഈവിധ സന്ദർശനങ്ങള്‍ നാവികസേനയുടെ അനുഭവപരിജ്ഞാനത്തിനൊപ്പം സുഹൃദ്‌രാജ്യങ്ങളുമായുള്ള മൈത്രീബന്ധവും അന്താരാഷ്‌ട്ര സന്മനോഭാവവും ദൃഢമാക്കുന്നു.
ചരിത്രം
അതിപുരാതനകാലത്ത്‌തന്നെ ഇന്ത്യന്‍ പ്രദേശങ്ങളിൽ നാവികസേനകള്‍ നിലവിലുണ്ടായിരുന്നു. ഋഗ്വേദം, മഹാഭാരതം, രാമായണം തുടങ്ങിയ കൃതികളിൽ നാവികസൈന്യങ്ങളെക്കുറിച്ചുള്ള നിരവധി വിവരണങ്ങള്‍ കാണാം. ബി.സി. നാലാം നൂറ്റാണ്ടിൽ ചന്ദ്രഗുപ്‌തമൗര്യനാണ്‌ മികച്ച ഒരു നാവികസൈന്യത്തെ ഇന്ത്യന്‍ തീരങ്ങളിൽ ആദ്യമായി സംഘടിപ്പിച്ചത്‌. ചന്ദ്രഗുപ്‌തമൗര്യന്റെ സൈന്യത്തെ ആറായി വിഭജിച്ചിരുന്നുവെന്നും ആദ്യത്തേത്‌ ഒരു നാവികത്തലവന്റെ കീഴിലായിരുന്നുവെന്നും ചന്ദ്രഗുപ്‌തമൗര്യന്റെ രാജധാനിയിലെ ഗ്രീക്ക്‌ പ്രതിപുരുഷനായിരുന്ന മെഗസ്‌തനീസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. സമുദ്രയാത്രകള്‍ സുഗമമാക്കുക, കടൽക്കൊള്ളക്കാരെയും സമുദ്രാതിർത്തി ലംഘിക്കുന്ന ശത്രുരാജ്യത്തിലെ നൗകകളെയും നശിപ്പിക്കുക എന്നിവയായിരുന്നു ഈ നാവികസൈന്യത്തിന്റെ പ്രധാന ചുമതലകള്‍. മൗര്യചക്രവർത്തിയായ അശോകനും മികച്ച രീതിയിൽ നാവിക സൈന്യത്തെ സജ്ജീകരിച്ചിരുന്നു.
ദക്ഷിണേന്ത്യയിൽ പല്ലവർക്ക്‌ കോറമണ്ഡലം ആസ്ഥാനമാക്കിയ ഒരു നാവികസൈന്യം ഉണ്ടായിരുന്നു. നരസിംഹവർമന്‍ എന്ന പല്ലവരാജാവ്‌ ശ്രീലങ്ക പടിച്ചടക്കിയത്‌ വലിയൊരു നാവികസൈന്യത്തിന്റെ സഹായത്തോടെയാണ്‌. സംഘസാഹിത്യത്തിൽ കേരളതീരങ്ങളിലെ പൗരാണിക നാവിക യുദ്ധങ്ങളെക്കുറിച്ച്‌ പരാമർശിക്കുന്നുണ്ട്‌. ചേരരാജാക്കന്മാരായ ഇമയവരമ്പന്‍, ചെങ്കുട്ടുവന്‍ എന്നിവരുടെ നാവിക യുദ്ധവിജയങ്ങളെക്കുറിച്ച്‌ പതിറ്റുപ്പത്തിൽ വിവരിക്കുന്നുണ്ട്‌. മധ്യകാലത്ത്‌ ഇന്ത്യയിലെ പ്രമുഖ നാവികശക്തികള്‍ മറാത്ത, കേരളതീരങ്ങളിലെ സൈന്യങ്ങളായിരുന്നു. മറാത്തയിലെ കനോജി അംറോ, സാമൂതിരിയുടെ കപ്പൽപ്പടയിലെ തലവന്മാരായ കുഞ്ഞാലിമരയ്‌ക്കാർമാർ എന്നിവർ അക്കാലത്തെ ഏറ്റവും മികച്ച നാവികത്തലവന്മാരായിരുന്നു. മലബാറിലെ കടത്തനാട്‌, അറക്കൽ എന്നീ ചെറിയ രാജവംശങ്ങള്‍ക്കുപോലും മികച്ച നാവികസേന അക്കാലത്തുണ്ടായിരുന്നു.
ഇന്ത്യന്‍ തീരങ്ങളിലൂടെയുള്ള ഈസ്റ്റിന്ത്യാക്കമ്പനിയുടെ കപ്പൽ ഗതാഗതങ്ങളുടെ സുരക്ഷിതത്വത്തെ ലക്ഷ്യമാക്കി 1612-ൽ സൂററ്റിൽ രൂപീകരിക്കപ്പെട്ട "റോയൽ ഇന്ത്യന്‍ നേവി'യിൽ നിന്നാണ്‌ ആധുനിക ഇന്ത്യന്‍ നാവികസേന രൂപംകൊണ്ടത്‌. ഈ നാവികസേനയെ 1685-ൽ സൂററ്റിൽ നിന്ന്‌ ബോംബെയിലേക്കു മാറ്റുകയും "ബോംബെ മറൈന്‍' എന്ന്‌ പുനർനാമകരണം ചെയ്യുകയുമുണ്ടായി. 1892-ൽ "റോയൽ ഇന്ത്യന്‍ മറൈന്‍' എന്ന പേരിലറിയപ്പെട്ട ഇത്‌ 1934-ൽ ബ്രിട്ടനിലെ റോയൽ നേവിയുടെ മാതൃകയിൽ "ദി റോയൽ ഇന്ത്യന്‍ നേവി' ആയി രൂപാന്തരപ്പെട്ടു. 1939-ൽ 114 ആഫീസർമാർ, 1,732 നാവികർ, ഒരു നിരീക്ഷണക്കപ്പൽ, ഒരു പെട്രാളിങ്‌ സ്റ്റീമർ എന്നീ രീതിയിലുള്ള നാമമാത്ര സംവിധാനമാണ്‌ റോയൽ ഇന്ത്യന്‍നേവിക്കുണ്ടായിരുന്നത്‌. രണ്ടാംലോകയുദ്ധകാലത്ത്‌ ഇന്ത്യാസമുദ്രത്തിന്റെ തന്ത്രപരമായ പ്രാധാന്യം വർധിച്ചതോടെ ഇന്ത്യാതീരത്തെ നാവികസേനാകേന്ദ്രങ്ങള്‍ വിപുലീകരിക്കേണ്ടിവന്നു. നേരത്തെ നിലവിലുണ്ടായിരുന്ന, കൽക്കത്ത, ബോംബെ, കറാച്ചി എന്നിവിടങ്ങളിലെ നാവികസങ്കേതങ്ങളിൽ ആധുനിക സജ്ജീകരണങ്ങള്‍ ഏർപ്പെടുത്തിയതോടൊപ്പം വിശാഖപട്ടണം, മദ്രാസ്‌, കൊച്ചി തുടങ്ങിയ ഇടങ്ങളിൽ പുതിയ താവളങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തു. റോയൽ ഇന്ത്യന്‍ നേവിയുടെ സംഖ്യാബലം 1942-ൽ ഇരുപതുമടങ്ങായി വർധിപ്പിച്ചു. രണ്ടാംലോകയുദ്ധകാലത്ത്‌ ഇറ്റലിയുടെ സൈന്യത്തെ ആഫ്രിക്കന്‍വന്‍കരയിൽനിന്നു പിന്തിരിപ്പിക്കുന്നതിലും, പേർഷ്യന്‍ ഉള്‍ക്കടൽമേഖല വിജയകരമായി പ്രതിരോധിക്കുന്നതിലും ബർമ(മ്യാന്മർ)യിലെ ജാപ്പനീസ്‌ അധിനിവേശം അവസാനിപ്പിക്കുന്നതിലും ബ്രിട്ടന്‍ ഉള്‍പ്പെട്ട സഖ്യകക്ഷികള്‍ക്കുവേണ്ടി നിസ്‌തുല സേവനം അനുഷ്‌ഠിക്കുവാന്‍ റോയൽ ഇന്ത്യന്‍ നേവിക്കു കഴിഞ്ഞു.
സ്വാതന്ത്ര്യപ്രാപ്‌തിയെത്തുടർന്ന്‌ ഈ സേനയ്‌ക്ക്‌ ഇന്ത്യന്‍ നേവി എന്ന പേര്‌ നല്‌കപ്പെട്ടു. നാവികസേനയുടെ കപ്പലുകളുടെയും കരയിലുള്ള സങ്കേതങ്ങളുടെയും പേരിനുമുമ്പ്‌ ഐ.എന്‍.എസ്‌. എന്ന ത്രയാക്ഷരി മുദ്രിതമായി. ഇന്ത്യന്‍ നാവികസേന കൈക്കൊണ്ട ആദ്യത്തെ സൈനികനടപടി 1947 ഒക്‌ടോബറിലാണ്‌ നടന്നത്‌. കത്തിയവാഡ്‌ ഉപദ്വീപിൽ നിലവിലിരുന്ന ജൂനാഗഡ്‌ എന്ന നാട്ടുരാജ്യം ഇന്ത്യന്‍ യൂണിയനിൽ ലയിക്കുവാന്‍ വിസമ്മതിക്കുകയും പാകിസ്‌താനോട്‌ കൂറു പ്രഖ്യാപിക്കുകയും ചെയ്‌തതിനെത്തുടർന്ന്‌, നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ പോർബന്തർ, ജാഫറാബാദ്‌ എന്നിവിടങ്ങളിൽ ആയുധസജ്ജരായി താവളമുറപ്പിച്ചു. ജൂനാഗഡ്‌ നവാബിന്റെ പലായനത്തെത്തുടർന്ന്‌ ആ ചെറുരാജ്യം ഇന്ത്യയുടെ ഭാഗമായി മാറിയതിനാൽ യുദ്ധം ഒഴിവായി.
1947-ൽ സമുദ്രതലത്തിൽമാത്രം പ്രവർത്തിക്കാവുന്ന പഴയ കപ്പലുകളും അകമ്പടിക്കപ്പലുകളും മാത്രമടങ്ങുന്ന ഒന്നായിരുന്നു ഇന്ത്യന്‍ നാവികസേന. 1948-ൽ ആദ്യമായി എച്ച്‌.എം.എസ്‌. അക്കിലീസ്‌ എന്ന 7,000 ടണ്‍ കേവുഭാരമുള്ള ലിയാന്‍ഡർ വിഭാഗത്തിൽപ്പെട്ട ക്രൂസർ ഇന്ത്യ വാങ്ങി. അതിനെ ഐ.എന്‍.എസ്‌. ദില്ലി എന്നു പുനർനാമകരണം ചെയ്‌തു. തുടർന്ന്‌ ചുരുങ്ങിയ കാലംകൊണ്ട്‌ ഡിസ്റ്റ്രായർ വിഭാഗത്തിൽപ്പെട്ട രജ്‌പുത്ത്‌, രഞ്‌ജിത്ത്‌, റാണാ എന്നീ മൂന്നു കപ്പലുകളും 11-ാം ഡിസ്റ്റ്രായർ സ്‌ക്വാഡ്രനിലേക്കു വാങ്ങുകയുണ്ടായി. ശത്രുക്കളെ കടലിൽ വേട്ടയാടി നശിപ്പിക്കുന്നതിനുപയോഗിക്കുന്ന "ഹണ്ട്‌ ക്ലാസ്‌ ഡിസ്റ്റ്രായേഴ്‌സ്‌' വിഭാഗത്തിൽപ്പെട്ട ഗംഗ, ഗോമതി, ഗോദാവരി എന്നീ കപ്പലുകള്‍ 1952-ൽ ഇന്ത്യന്‍ നേവിയിൽ ഉള്‍പ്പെടുത്തി.
1957-ൽ കോളണി ക്ലാസ്‌ ക്രൂസർ വിഭാഗത്തിൽപ്പെട്ട ഐ.എന്‍.എസ്‌. മൈസൂർ കമ്മിഷന്‍ ചെയ്യപ്പെട്ടു. 1958-60 കാലഘട്ടത്തിൽ ആന്റി എയർ ക്രാഫ്‌ട്‌-ആന്റി സബ്‌മൈറന്‍ ഫ്രിഗേറ്റ്‌ വിഭാഗത്തിൽപ്പെട്ട എട്ട്‌ പടക്കപ്പലുകള്‍ നേവി സമ്പാദിച്ചു. ഇവയിൽ ഐ.എന്‍.എസ്‌. കുക്രി, കൃപാണ്‍, കുഠാർ എന്നീ കപ്പലുകള്‍ 14-ാം ഫ്രിഗേറ്റ്‌ സ്‌ക്വാഡ്രനിലും, തൽവാർ, ത്രിശൂൽ എന്നീ കപ്പലുകള്‍ 15-ാം ഫ്രിഗേറ്റ്‌ സ്‌ക്വാഡ്രനിലും, ബിയാസ്‌, ബേത്‌വ, ബ്രഹ്മപുത്ര എന്നീ കപ്പലുകള്‍ 16-ാം ഫ്രിഗേറ്റ്‌ സ്‌ക്വാഡ്രനിലും ചേർന്നു. ഈ എട്ട്‌ കപ്പലുകളും ഇന്ത്യന്‍ നേവിക്കുവേണ്ടി പ്രത്യേകമായി ഇംഗ്ലണ്ടിൽ നിർമിച്ചവയായിരുന്നു. വിമാനവാഹിനികപ്പലായി ഐ.എന്‍.എസ്‌. വിക്രാന്ത്‌ 1961-ൽ നാവികസേനയ്‌ക്ക്‌ ലഭ്യമായി. സമുദ്രത്തിന്റെ ഉപരിതലത്തിൽ പ്രവർത്തിക്കുന്ന കപ്പലുകളുടെ എച്ചം വർധിച്ചതോടുകൂടി നേവിക്ക്‌ മുങ്ങിക്കപ്പൽ വിഭാഗത്തിന്റെ അഭാവംകൂടി നികത്തേണ്ട ആവശ്യം അനുഭവപ്പെട്ടു.
1961-ൽ പോർച്ചുഗീസ്‌ കോളനികളായി അവശേഷിച്ചിരുന്ന ഗോവ, ദാമന്‍ ദിയു എന്നിവിടങ്ങളെ കൈവശപ്പെടുത്തി ഇന്ത്യന്‍ റിപ്പബ്ലിക്കിൽ ലയിപ്പിച്ച സൈനികനടപടികളിൽ മറ്റു സേനാവിഭാഗങ്ങള്‍ക്കൊപ്പം നിസ്‌തുലമായ സേവനം കാഴ്‌ചവയ്‌ക്കുവാന്‍ നാവികസേനയ്‌ക്കു കഴിഞ്ഞു. ഇന്ത്യയുടെ പടക്കപ്പലുകള്‍ നാലുവിഭാഗങ്ങളായി പിരിഞ്ഞു നടത്തിയ മുന്നേറ്റങ്ങളിലൂടെ ഗോവ, ദാമന്‍ ദിയു, അഞ്ചിദ്വീപ്‌ എന്നിവിടങ്ങളിൽ തമ്പടിച്ചിരുന്ന പോർച്ചുഗീസ്‌ നാവികസേനയെ നിർവീര്യമാക്കി. 1965-ലെ ഇന്ത്യാ-പാകിസ്‌താന്‍ യുദ്ധത്തിൽ നാവികസേന നേരിട്ടു പങ്കെടുത്തില്ല; പാകിസ്‌താന്റെ അന്തർവാഹിനികളെ ഇന്ത്യാതീരത്തുനിന്ന്‌ അകറ്റിനിർത്തുവാനുള്ള പ്രതിരോധച്ചുമതലമാത്രമാണ്‌ ഉണ്ടായിരുന്നത്‌.
1968-ൽ സോവിയറ്റ്‌ യൂണിയനിൽനിന്നും ഇന്ത്യന്‍നേവി ഒരു മുങ്ങിക്കപ്പൽ സമ്പാദിച്ചു; തുടർന്ന്‌ ചുരുങ്ങിയ കാലംകൊണ്ട്‌ മറ്റു മൂന്നു മുങ്ങിക്കപ്പലുകള്‍ കൂടി ലഭ്യമായി. അങ്ങനെ ഇന്ത്യന്‍ നേവിയുടെ മുങ്ങിക്കപ്പൽവിഭാഗം ഭാരതത്തിന്റെ കിഴക്കന്‍ സമുദ്രതീരത്തിലെ വിശാഖപട്ടണത്തുള്ള ഐ.എന്‍.എസ്‌. വീരബാഹു എന്ന താവളത്തിൽ വികസിക്കാന്‍ തുടങ്ങി. മുങ്ങിക്കപ്പലുകളുടെ വരവോടുകൂടി ഒരു സമീകൃതകപ്പൽപ്പട എന്ന ആശയം യാഥാർഥ്യമായിത്തീർന്നു. അങ്ങനെ നാവികസേനയ്‌ക്ക്‌ കടൽപ്പരപ്പിലും കടലിനു മുകളിലും കടലിനടിയിലും യുദ്ധംനടത്താനുള്ള കഴിവ്‌ ആർജിക്കാന്‍ കഴിഞ്ഞു.
1971-ൽ പൂർവപാകിസ്‌താന്‍ ബാംഗ്ലദേശ്‌ ആയിമാറിയതിനോടനുബന്ധിച്ചുണ്ടായ ഇന്ത്യാ-പാക്‌ സംഘട്ടനങ്ങളിൽ ഇന്ത്യന്‍ നാവികസേനയ്‌ക്ക്‌ ഗണ്യമായ പങ്കുവഹിക്കേണ്ടിവന്നു. 1971 ഡി. 3-ന്‌ വിശാഖപട്ടണത്തിനു സമീപം രഹസ്യമായി സഞ്ചരിച്ചെത്തിയ ഘാസി എന്ന പാക്‌ അന്തർവാഹിനി ഇന്ത്യന്‍ നാവികസേനയാൽ നശിപ്പിക്കപ്പെട്ടു. തുടർന്ന്‌ ദിവസങ്ങള്‍ക്കകം കിഴക്കന്‍ പാകിസ്‌താനെ നാവിക-ഉപരോധത്തിനു വിധേയമാക്കുകയും ചെയ്‌തു. ഡി. 6-ന്‌ മുന്‍പ്‌ പാക്‌ നേവിയുടെ ജസ്സോർ, കോമില്ല, സിൽഹട്ട്‌ എന്നീ യുദ്ധക്കപ്പലുകളെയും 17 ചരക്കുകപ്പലുകളെയും നശിപ്പിക്കുകയും മറ്റു മൂന്നു കപ്പലുകള്‍ പിടിച്ചെടുക്കുകയും ചെയ്യുവാന്‍ ഇന്ത്യന്‍ നാവികസേനയ്‌ക്കു കഴിഞ്ഞു. ഇവയ്‌ക്കു സമാന്തരമായി പശ്ചിമസമരമുഖത്ത്‌, ഇന്ത്യന്‍ നാവികസേന കറാച്ചി തുറമുഖത്തെ രണ്ടുതവണ ആക്രമിക്കുകയും പാകിസ്‌താന്റെ ഒരു നശീകരണക്കപ്പൽ, മൈന്‍ സ്വീപ്പർ (Mine Sweeper) എന്നിവയ്‌ക്കും തുറമുഖത്തു നങ്കൂരമുറപ്പിച്ചിരുന്ന ഒരു ചരക്കുകപ്പലിനും കേടുപാടുകള്‍ വരുത്തുകയും ചെയ്‌തു. കറാച്ചിയുടെ മേൽനടത്തിയ വിജയകരമായ ആക്രമണത്തിന്റെ സ്‌മരണ നിലനിർത്തുവാന്‍ പ്രതിവർഷം നാവികസേനാദിനം (Navy Day) ആഘോഷിക്കുന്നത്‌ ഡി. 4-നാണ്‌. ആദന്‍ കടലിൽ സൊമാലിയന്‍ കടൽക്കൊള്ളക്കാർക്കെതിരെ നടത്തിയ ആക്രമണങ്ങളാണ്‌ ഇന്ത്യന്‍ നാവികസേനയുടെ സമീപകാലത്തെ പ്രധാന ഓപ്പറേഷനുകള്‍ (2008). കടൽക്കൊള്ളക്കാർ തടവിലാക്കിയ വിവിധ രാജ്യങ്ങളിലെ നാവികരെ രക്ഷിക്കാനും ആദന്‍ കടലിലെ കടൽയാത്രകള്‍ക്ക്‌ സ്ഥിരഭീഷണിയായ കടൽക്കൊള്ളക്കാരെ പിടികൂടാനും ഇന്ത്യന്‍ സേനയ്‌ക്ക്‌ കഴിഞ്ഞു. ഐ.എന്‍.എസ്‌. തബർ, ഐ.എന്‍.എസ്‌. മൈസൂർ തുടങ്ങിയ പടക്കപ്പലുകളാണ്‌ ഈ ഓപ്പറേഷനുകളിൽ പ്രധാന പങ്കുവഹിച്ചത്‌.
യുദ്ധക്കപ്പലുകള്‍
ലോകത്തെ ഏതൊരു നാവികസേനയോടും കിടപിടിക്കുന്ന ആധുനികവും മികവുറ്റതുമായ പടക്കപ്പലുകള്‍ ഇന്ത്യന്‍ നാവികസേനയ്‌ക്കുണ്ട്‌. പടക്കപ്പലുകളുടെ പേര്‌ ഐ.എന്‍.എസ്‌. (ഇന്ത്യന്‍ നേവൽ ഷിപ്പ്‌ അല്ലെങ്കിൽ ഇന്ത്യന്‍ നേവി സ്റ്റേഷന്‍) എന്ന പേരിലാണ്‌ ആരംഭിക്കുന്നത്‌. ഉദാ. ഐ.എന്‍.എസ്‌. ഡൽഹി, ഐ.എന്‍.എസ്‌. രജപുത്ര. റഷ്യ, യു.എസ്‌., ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച്‌ പടക്കപ്പലുകള്‍ നിർമിക്കുന്ന പദ്ധതികള്‍ രാജ്യത്തിനുണ്ട്‌. ആദ്യകാലങ്ങളിൽ റഷ്യന്‍നിർമിത കപ്പലുകളും അല്ലെങ്കിൽ റഷ്യയിൽനിന്നും വാടകയ്‌ക്കെടുക്കുന്ന കപ്പലുകളും ആയിരുന്നു ഇന്ത്യ ഉപയോഗിച്ചിരുന്നത്‌. എന്നാൽ ഇന്ന്‌ കപ്പൽനിർമാണ രംഗത്ത്‌ ഇന്ത്യ സ്വയംപര്യാപ്‌തത കൈവരിച്ചു കഴിഞ്ഞിട്ടുണ്ട്‌. കൊച്ചിന്‍ ഷിപ്‌യാർഡ്‌, മസഗോണ്‍ ഡോക്‌ ലിമിറ്റഡ്‌, ഗോവ ഷിപ്‌യാർഡ്‌, ഗാർഡന്‍ റീച്ച്‌ ഷിപ്‌ ബിൽഡേഴ്‌സ്‌ ആന്‍ഡ്‌ എന്‍ജിനിയേഴ്‌സ്‌ തുടങ്ങിയ കപ്പൽ നിർമാണ ശാലകളിലാണ്‌ ഇന്ത്യന്‍ പടക്കപ്പലുകള്‍ നിർമിക്കുന്നത്‌.
വിമാനവാഹിനിക്കപ്പൽ
ഇന്ത്യയുടെ പ്രധാനവിമാനവാഹിനികപ്പലായ ഐ.എന്‍.എസ്‌ വിരാടിന്‌ 24 യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ട്‌. ഐ.എന്‍.എസ്‌. വിക്രമാദിത്യ എന്നു പേരുള്ള ഒരു വിമാനവാഹിനി റഷ്യയിലും മറ്റൊന്ന്‌ കൊച്ചിന്‍ ഷിപ്‌യാർഡിലും നിർമാണ ഘട്ടത്തിലാണ്‌.
അന്തർവാഹിനികള്‍
ഇന്ന്‌ ഡീസൽ എന്‍ജിനിൽ പ്രവർത്തിക്കുന്നതും അണുശക്തികൊണ്ട്‌ പ്രവർത്തിക്കുന്നതുമായ അന്തർവാഹിനികള്‍ ഇന്ത്യന്‍സേനയുടെ ഭാഗമാണ്‌. ശിശുമാർ, സിന്ധുഘോഷ്‌ എന്നീ രണ്ട്‌ ക്ലാസ്സുകളിലായി 14 അന്തർവാഹിനികളുണ്ട്‌. ഇന്ത്യ സ്വയം നിർമിച്ച ആണവ അന്തർവാഹിനിയാണ്‌ ഐ.എന്‍.എസ്‌. അരിഹന്ദ്‌ (അൃശവമി). 2009 ജേൂല. 26-ന്‌ ഇത്‌ ആദ്യമായി പുറത്തിറക്കി. കചട ചക്ര എന്ന ആണവ മുങ്ങിക്കപ്പൽ റഷ്യയിൽനിന്ന്‌ ഇന്ത്യ വാടകയ്‌ക്ക്‌ എടുക്കുകയുണ്ടായി (2012).
ഡിസ്‌ട്രായറുകള്‍
ഡൽഹി, രജപുത്രക്ലാസ്സുകളിൽപ്പെടുന്ന ഒമ്പത്‌ ഡിസ്‌ട്രായർ യുദ്ധക്കപ്പലുകളാണ്‌ ഇന്ന്‌ ഇന്ത്യന്‍ നാവികസേനയ്‌ക്കുള്ളത്‌. കൊൽക്കത്ത ക്ലാസ്‌ വിഭാഗത്തിലുള്ള പുതിയ ഡിസ്‌ട്രായറുകള്‍ 2013-ൽ പുറത്തിറങ്ങും.
ഫ്രിഗേറ്റുകള്‍
ഗോദാവരി, തൽവർ, ബ്രഹ്മപുത്ര, നീലഗിരി എന്നിങ്ങനെ വിവിധ ക്ലാസ്സുകളിലായി 13 ഫ്രിഗേറ്റുകള്‍ ഇപ്പോള്‍ നാവികസേനയുടെ പക്കലുണ്ട്‌ (2012).
ഫ്രിഗേറ്റുകളെക്കാള്‍ വലുപ്പം കുറഞ്ഞ കപ്പലുകളായ 24 കോർവെറ്റകള്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാണ്‌. ഖുക്രി, കോറ, വീർ, അഭയ എന്നിങ്ങനെയാണ്‌ കോർവെറ്റകളുടെ വിവിധ ക്ലാസ്സുകള്‍.
മൈന്‍വാരികള്‍
കടലിൽ നിന്നും മൈനുകള്‍ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന 12 മൈന്‍ വാരിക്കപ്പലുകള്‍ ഇപ്പോള്‍ നാവികസേനയുടെ കൈവശമുണ്ട്‌. പോണ്ടിച്ചേരി/കർവർ ക്ലാസ്‌ എന്നാണിവ അറിയപ്പെടുന്നത്‌. ഇവ കൂടാതെ കടലിലും കരയിലും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ആംഫിബിയന്‍ അസള്‍ട്‌ ടാപ്പുകള്‍ (ഉദാ. ഐ.എന്‍.എസ്‌. ജലാശ്വ) നിരവധി പട്രാള്‍ യാനങ്ങള്‍, മിസൈൽ ബോട്ടുകള്‍, പരിശീലനക്കപ്പലുകള്‍, സർവേ ആന്‍ഡ്‌ റിസർച്ച്‌ ഷിപ്പുകള്‍ എന്നിവയുടെ ഒരു വലിയ നിരതന്നെ നാവിക സേനയുടെ ഭാഗമായുണ്ട്‌. ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലമർന്ന ലിബിയയിൽനിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നതിന്‌ നാവികസേന ഐ.എന്‍.എസ്‌. ജലാശ്വയാണ്‌ ഉപയോഗിച്ചത്‌ (2011).
നാവികസേനയോടൊന്നിച്ച്‌ പ്രവർത്തിക്കുന്ന വ്യോമവിഭാഗമാണ്‌ നേവൽ-എയർആം എന്നറിയപ്പെടുന്നത്‌. ഈ വിഭാഗത്തിന്‌ അത്യാധുനികമായ നിരവധി എയർക്രാഫ്‌റ്റുകളും ഹെലികോപ്‌റ്ററുകളുമുണ്ട്‌. മിഖോയന്‍ മിഗ്‌ 29ഗ, ബി.എ.ഇ. സിഹാരിയർ, ടുപലെവ്‌ ടി.യു. 142 തുടങ്ങിയവ ഈ വിഭാഗത്തിന്റെ യുദ്ധവിമാനങ്ങളാണ്‌. കൂടാതെ പൈലറ്റില്ലാ വിമാനങ്ങളായ ഹെറേന്‍, സെർച്ചർ എം.കെ. കക-എന്നിവയും ഇതിന്റെ ഭാഗമാണ്‌. എച്ച്‌.എ.എൽ.ധ്രുവ്‌, കാമേവ്‌, വെസ്റ്റ്‌ലാന്‍ഡ്‌ സികിങ്‌ തുടങ്ങിയവയാണ്‌ പ്രധാന ഹെലികോപ്‌റ്ററുകള്‍. നാവികസേനയിലെ കമാന്‍ഡോ വിഭാഗമാണ്‌ മറൈന്‍ കമാന്‍ഡോഫോഴ്‌സ്‌ അഥവാ മാർകോസ്‌. 2008 മുംബൈ തീവ്രവാദ ആക്രമണസമയത്ത്‌ ഈ സേനയും പങ്കെടുത്തിരുന്നു.
ആയുധങ്ങള്‍
ആണവായുധങ്ങള്‍ വഹിക്കാന്‍ കഴിവുള്ള വിവിധതരം മിസൈലുകള്‍, ടോർപിഡോകള്‍, നൂതന നാവികത്തോക്കുകള്‍ എന്നിവയെല്ലാം ഇന്ന്‌ ഇന്ത്യന്‍ നാവികസേനയെ കൂടുതൽ മികച്ചതാക്കുന്നു. ഇവയിൽ വിദേശരാജ്യങ്ങളിൽനിന്നും വാങ്ങുന്നവയും ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്നവയുമുണ്ട്‌. ബ്രഹ്മോസ്‌ പോലുള്ള സൂപ്പർസോണിക്‌ മിസൈലുകള്‍ ഇന്ത്യ സ്വയം നിർമിച്ചതാണ്‌. മിസൈലുകള്‍ കപ്പലുകളിൽനിന്നും തൊടുക്കാവുന്നവയും, അന്തർവാഹിനികളിൽ നിന്നും പ്രയോഗിക്കാവുന്നവയുമുണ്ട്‌. ഇതുകൂടാതെ കപ്പലുകളിൽ ഘടിപ്പിക്കുന്ന നാവികത്തോക്കുകളുടെയും റോക്കറ്റ്‌ ലോഞ്ചറുകളുടെയും ഒരു മികച്ച നിരതന്നെ ഇന്ത്യന്‍ നാവികസേനയ്‌ക്കുണ്ട്‌.
ഘടന
ഇന്ത്യയിലെ മൂന്ന്‌ സായുധവിഭാഗങ്ങളുടെയും സുപ്രീംകമാന്‍ഡർ ഇന്ത്യന്‍ പ്രസിഡന്റാണ്‌. നാവികസേനയുടെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത്‌ അഡ്‌മിറലിന്റെ പദവിയിലുള്ള നാവികസേനാമേധാവിയാണ്‌ (Chief of Naval Staff). ചീഫ്‌ ഒഫ്‌ നേവൽ സ്റ്റാഫ്‌, ചീഫ്‌സ്‌ ഒഫ്‌ സ്റ്റാഫ്‌ കമ്മിറ്റിയിലെ ഒരംഗമായിരിക്കും. ഈ കമ്മിറ്റി ദേശരക്ഷാപ്രവർത്തനങ്ങളെ സംബന്ധിച്ച ഉപദേശങ്ങള്‍ പ്രതിരോധവകുപ്പ്‌ മന്ത്രിക്കു നല്‌കുന്നു. ചീഫ്‌ ഒഫ്‌ നേവൽ സ്റ്റാഫിനെ സഹായിക്കാന്‍ ഒരു വൈസ്‌ ചീഫും, മറ്റു മൂന്ന്‌ പ്രിന്‍സിപ്പൽ സ്റ്റാഫ്‌ ഓഫീസർമാരും ഉണ്ടായിരിക്കും.
എക്‌സിക്യുട്ടീവ്‌, എന്‍ജിനീയറിങ്‌, ഇലക്‌ട്രിക്കൽ, വിദ്യാഭ്യാസം, മെഡിക്കൽ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളായി നാവികസേന വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. സീമെന്‍ഷിപ്പ്‌, നേവിഗേഷന്‍, ഗച്ചറി, ടോർപ്പിഡോ, ആന്റിസബ്‌മറൈന്‍, ഡൈവിങ്‌, വാർത്താവിനിമയം, സബ്‌മറൈന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരെയാണ്‌ എക്‌സിക്യുട്ടീവ്‌ വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്നത്‌. നാവികസേനയുടെ യന്ത്രാപകരണങ്ങളുടെയും സബ്‌മറൈന്‍ നേവൽ എയർക്രാഫ്‌റ്റ്‌ തുടങ്ങിയവയുടെയും സുരക്ഷാക്രമീകരണങ്ങള്‍ നടത്തുന്നവരാണ്‌ എന്‍ജിനീയറിങ്‌ വിഭാഗം. ഇലക്‌ട്രിക്കൽ വിഭാഗത്തിൽപ്പെട്ടവർ വൈദ്യുത, ഇലക്‌ട്രാണിക്‌ ഉപകരണങ്ങള്‍, കപ്പലുകള്‍, അന്തർവാഹിനികള്‍, നേവൽവിമാനങ്ങള്‍ എന്നിവയിലുള്ള റഡാർ സംവിധാനം, കരയിലുള്ള നാവികവൈദ്യുത നിലയങ്ങള്‍ തുടങ്ങിയവയുടെ പ്രവർത്തനങ്ങള്‍ നടത്തുന്നവരാണ്‌. നാവിക ഭടന്മാർക്ക്‌ ഗണിതം, ശാസ്‌ത്രവിഷയങ്ങള്‍, കാലാവസ്ഥാവിജ്ഞാനം, സാമാന്യവിജ്ഞാനം തുടങ്ങിയവയിൽ കൂടുതൽ പരിജ്ഞാനം നല്‌കുന്നത്‌ വിദ്യാഭ്യാസവിഭാഗത്തിന്റെ ചുമതലയാണ്‌; നാവികോദ്യോഗസ്ഥന്മാരും സിവിലിയന്മാരും കൂട്ടായി സേവനമനുഷ്‌ഠിക്കുന്നുവെന്നതാണ്‌ ഈ വിഭാഗത്തിന്റെ സവിശേഷത. നാവിക സേനാംഗങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മെഡിക്കൽ വകുപ്പാണ്‌ കൈകാര്യം ചെയ്യുന്നത്‌.
നാവിക കമാന്‍ഡുകള്‍
മുംബൈ, വിശാഖപട്ടണം, കൊച്ചി എന്നിവിടങ്ങളെ ആസ്ഥാനമാക്കുന്ന പശ്ചിമ, പൂർവ, ദക്ഷിണ കമാന്‍ഡുകളായി ഇന്ത്യന്‍ നാവികസേനയെ വികേന്ദ്രീകരിച്ചിരിക്കുന്നു. ഇവ ഓരോന്നും വൈസ്‌ അഡ്‌മിറൽ റാങ്കിലുള്ള ഫ്‌ളാഗ്‌ ആഫീസർ കമാന്‍ഡിങ്‌ ഇന്‍ ചീഫ്‌മാരുടെ നിയന്ത്രണത്തിലാണ്‌. ദക്ഷിണ-പൂർവ ഏഷ്യന്‍ പ്രദേശങ്ങളിൽ തന്ത്രപ്രധാനമായ പങ്കുവഹിക്കുന്നതാണ്‌ ഇന്ത്യന്‍ സൈന്യത്തിന്റെ 2001-ൽ ആരംഭിച്ച ആന്‍ഡമാന്‍ നിക്കോബാർ കമാന്‍ഡ്‌. ആന്‍ഡമാന്‍ ദ്വീപുകളിൽ പ്രവർത്തിക്കുന്ന ഈ കമാന്‍ഡിൽ ഇന്ത്യന്‍ കര-നാവിക-വ്യോമ-സേനകള്‍ ഒന്നിച്ചു പ്രവർത്തിക്കുന്നു. പശ്ചിമ, പൂർവ കമാന്‍ഡുകള്‍ സദാ യുദ്ധസജ്ജരായി വർത്തിക്കുന്നു; ദക്ഷിണകമാന്‍ഡിന്റെ മുഖ്യധർമം സൈനികപരിശീലനമാണ്‌. കേരളത്തിന്റെ തീരദേശ സുരക്ഷയുടെ ചുമതലയും ദക്ഷിണ കമാന്‍ഡിൽ നിക്ഷിപ്‌തമായിരിക്കുന്നു. നാവികസേനയോടനുബന്ധിച്ചുള്ള സുസജ്ജമായ വൈമാനികവിഭാഗമായ നേവൽ എയർ ആമിന്റെ (നാവിക-വ്യോമസേന) മുഖ്യതാവളങ്ങള്‍ ഗോവ, ആർക്കോണം എന്നിവിടങ്ങളാണ്‌. ഇവിടങ്ങളിലേതു കൂടാതെ വിശാഖപട്ടണം, പോർട്ട്‌ബ്ലയർ, കാർനിക്കോബാർ എന്നിവിടങ്ങളിലും നാവികസേനയുടെ അധീനതയിലുള്ള വിമാനത്താവളങ്ങളുണ്ട്‌. കപ്പൽപ്പടയുടെ മുഖ്യവ്യൂഹങ്ങള്‍ മുംബൈ, വിശാഖപട്ടണം എന്നീ കമാന്‍ഡ്‌ ആസ്ഥാനങ്ങള്‍ക്കു സമീപമാണ്‌ താവളമുറപ്പിച്ചിട്ടുള്ളത്‌. ചെന്നൈ, കൊൽക്കത്ത, ചിൽക്ക, ലോണാവ്‌ല, ജാംനഗർ എന്നിവിടങ്ങളിലും നാവികസേനാത്താവളങ്ങള്‍ വികസിപ്പിച്ചിരിക്കുന്നു. കർണാടകയിലെ കാർവാറിൽ ഏഷ്യയിലെ ഏറ്റവും വലിയ നാവികത്താവളം പ്രവർത്തനസജ്ജമായിട്ടുണ്ട്‌.
പരിശീലന വിഭാഗം
നാവികസേനയിലേക്കുള്ള ഓഫീസർമാർക്ക്‌ പരിശീലനം നൽകുന്ന ഏഴിമല നാവിക അക്കാദമി ഏഷ്യയിലെതന്നെ ഏറ്റവും വലിയ സൈനിക പരിശീലനകേന്ദ്രമാണ്‌. 2009-ൽ പ്രവർത്തനമാരംഭിച്ച ഇത്‌ കച്ചൂർ ജില്ലയിലെ ഏഴിമലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. നാഷണൽ ഡിഫന്‍സ്‌ അക്കാദമിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്ന നാവികസേനയിലേക്കുള്ള ഉദ്യോഗാർഥികള്‍ക്ക്‌, അവസാന രണ്ട്‌ വർഷത്തെ പരിശീലനം ഏഴിമല അക്കാദമിയിലാണ്‌ നൽകുന്നത്‌. യു.പി.എസ്‌.സി, സർവീസ്‌ സെലക്ഷന്‍ ബോർഡ്‌ എന്നിവ നടത്തുന്ന പരീക്ഷകളിലൂടെയാണ്‌ ഓഫീസർ ട്രയിനികളെ തെരഞ്ഞെടുക്കുന്നത്‌. ഇതുകൂടാതെ ഏഴിമല നാവിക അക്കാദമിയിലേക്ക്‌ നേരിട്ടുള്ള തെരഞ്ഞെടുപ്പുമുണ്ട്‌. ഇന്ത്യയിലെ മാത്രമല്ല, വിദേശത്തെയും നാവികഭടന്മാർക്ക്‌ പരിശീലനം നൽകത്തക്ക രീതിയിലാണ്‌ ഇതിന്റെ പ്രവർത്തനം. ഇലക്‌ട്രിക്കൽ, കമ്യൂണിക്കേഷന്‍, മെക്കാനിക്കൽ എന്‍ജിനീയറിങ്‌ വിഭാഗങ്ങളിൽ ബി.ടെക്‌. ബിരുദമാണ്‌ ഇവിടെ പരിശീലനം നൽകുന്നവർക്ക്‌ ലഭിക്കുക. നീന്തൽ, കടൽസുരക്ഷാ പ്രവർത്തനങ്ങള്‍, സാഹസിക വിനോദങ്ങള്‍ എന്നിവയിലും ഇവിടെ പരിശീലനം നൽകുന്നു.
അതിവേഗം വികസിച്ചുവരുന്ന നാവികസേനയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്‌ ഡയറക്‌ട്‌ എന്‍ട്രി, യൂണിവേഴ്‌സിറ്റി എന്‍ട്രി എന്നീ വ്യത്യസ്‌തപദ്ധതികളിലൂടെയും നേവിയിലേക്ക്‌ ആഫീസർമാരെയും സെയിലർമാരെയും തെരഞ്ഞെടുത്തുവരുന്നു. ഇവരെ പ്രാഥമികപരിശീലനങ്ങള്‍ക്കായി ഏഴിമലയിലും കൊച്ചി, പൂണെ, ജാംനഗർ, മുംബൈ തുടങ്ങിയയിടങ്ങളിലെ പരിശീലനകേന്ദ്രങ്ങളിലേക്കും അയയ്‌ക്കുന്നു. കൊച്ചിയിലെ പരിശീലനകേന്ദ്രമായ ഐ.എന്‍.എസ്‌. വെണ്ടുരുത്തി നാവിഗേഷന്‍ & ഡയറക്ഷന്‍, സബ്‌മറൈന്‍ പ്രതിരോധം, ഡൈവിങ്‌ തുടങ്ങിയ വിഷയങ്ങള്‍ക്കുള്ള പ്രത്യേക പരിശീലനകേന്ദ്രമാണ്‌. ഐ.എന്‍.എസ്‌. ദ്രാണാചാര്യ കൊച്ചിയിൽത്തന്നെയുള്ള ഒരു ഗച്ചറി സ്‌കൂളാണ്‌.
നേവൽ ഏവിയേഷന്‍ വിഭാഗക്കാർക്ക്‌ പരിശീലനം നല്‌കുന്നത്‌ കൊച്ചിയിലെ ഐ.എന്‍.എസ്‌. ഗരുഡയിലാണ്‌; സാധാരണ വിമാനം, ജറ്റ്‌ വിമാനം, ഹെലികോപ്‌റ്റർ, നിരീക്ഷണവിമാനം എന്നിവ പറപ്പിക്കുന്നതിനുള്ള പരിശീലനകേന്ദ്രവും ഐ.എന്‍.എസ്‌. ഗരുഡയിലാണ്‌. മുംബൈയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഐ.എന്‍.എസ്‌. ഹംല എന്ന പേരിലുള്ള കേന്ദ്രം ലോജിസ്റ്റിക്‌സിൽ പരിശീലനം നല്‌കുന്നുണ്ട്‌.
ലോണാവ്‌ലയിലുള്ള ഐ.എന്‍.എസ്‌. ശിവജിയിൽ എന്‍ജിനീയറിങ്‌, ന്യൂക്ലിയർ, ബയോളജിക്കൽ & കെമിക്കൽ വാർഫെയർ എന്നിവയിലുള്ള പരിശീലനവും നല്‌കപ്പെടുന്നു. മെഡിക്കൽ വിഭാഗത്തിന്‌ പ്രത്യേക പരിശീലനം നല്‌കാനുള്ള സ്ഥാപനമാണ്‌ മുംബൈയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ നേവൽ മെഡിസിന്‍. ജാംനഗറിലെ ഐ.എന്‍.എസ്‌. വത്സുറ ഇലക്‌ട്രിക്കൽ ആർട്ടിഫൈസർ കോഴ്‌സും ഇലക്‌ട്രാണിക്‌ റഡാർ, റേഡിയോ തുടങ്ങിയവയിൽ പരിശീലനവും നല്‌കുന്ന കേന്ദ്രമാണ്‌.
ഇന്ത്യന്‍ നാവികസേനയിൽ പ്രവർത്തിക്കുക എന്നത്‌ വളരെ സാഹസികമായ ഒരു കാര്യമാണ്‌. ഇപ്പോള്‍ വനിതകളും ഈ മേഖലകളിലേക്ക്‌ ആകർഷിക്കപ്പെട്ടുവരുന്നു. നേവൽ ആർക്കിടെക്‌റ്റ്‌, നിയമം, വിദ്യാഭ്യാസം, എയർട്രാഫിക്‌ കണ്‍ട്രാള്‍, ഗതാഗതം എന്നീ തുറകളിലാണ്‌ വനിതകള്‍ക്ക്‌ നിയമനം ലഭിക്കുന്നത്‌. നാവികസേനയിൽനിന്ന്‌ അനുഭവസമ്പത്തോടെ പിരിഞ്ഞുവരുന്നവർക്ക്‌ മറ്റു തുറകളിൽ മെച്ചപ്പെട്ട ജോലികള്‍ ലഭിക്കുന്നതിന്‌ സാധ്യതയുണ്ട്‌. കരയിലും കടലിലും ആകാശത്തും ആക്രമണപ്രത്യാക്രമണ പ്രതിരോധങ്ങളിൽ ഏർപ്പെടുന്നതിനുള്ള വൈദഗ്‌ധ്യം നേടിയ ഇന്ത്യന്‍ നാവികസേന ലോകത്തിലെ അഞ്ചാമത്തെ വലിയ നാവികശക്തിയാണ്‌. ഇന്ത്യന്‍ നിർമിതപടക്കപ്പലുകള്‍ ഗുണമേന്മയിൽ വികസിതരാഷ്‌ട്രങ്ങളുടെ കപ്പലുകളോട്‌ കിടനില്‌ക്കുന്നവയാണ്‌. ആയുധസന്നാഹങ്ങളുടെ പര്യാപ്‌തതയിലും ഇന്ത്യന്‍ നാവികസേന മുന്‍പന്തിയിലാണ്‌.
ജനുവരി 15; ഇന്ത്യൻ ആർമി ഡെ
സൗമ്യ പി.കെ. ബന്തടുക്ക
ഇന്ന് ജനുവരി 15 ഇന്ത്യൻ ആർമി ദിനം.ഇന്ത്യൻ സൈനികരുടെ ആത്മവീര്യത്തിനും ധീരതയ്ക്കും മുമ്പിൽ പ്രണാമം അർപ്പിച്ചുംകൊണ്ട് എല്ലാ വർഷവും ജനുവരി 15ന് സൈനിക ദിനം ആഘോഷിക്കുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി
രാപ്പകലില്ലാതെ മഴയും വെയിലും മഞ്ഞും നോക്കാതെ വിശപ്പും ദാഹവുമില്ലാതെ സ്വജീവിൻ പണയം വെച്ച് നിസ്തുലമായ സേവനം കാഴ്ചവെക്കുന്ന ഇന്ത്യൻ സൈന്യം നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്. ഇന്ത്യൻ ആർമിയിലെ ജനറൽ ആയിരുന്ന ജനറൽ കെ.എം കരിയപ്പ ഇന്ത്യൻ ആർമിയുടെ ആദ്യ കമാൻഡർ ഇൻ ചീഫ് ആയി ജനറൽ സർ ഫ്രാൻസിസ് ബുച്ചറിൽ നിന്നും അധികാരം കൈപ്പറ്റിയ ദിവസ (1949 ജനു 15 ) മാണ് ഇന്ത്യൻ ആർമി ദിനം. ജീവത്യാഗം ചെയ്ത പട്ടാളക്കാരുടെ മുന്നിൽ ന്യൂഡൽഹിയിലെ അമർജവാൻ ജ്യോതിയിൽ ശ്രാദ്ധാഞ്ജലി അർപ്പിച്ചു കൊണ്ടാണ് ഇന്ത്യൻ ആർമി ദിനം ആചരിക്കുന്നത്.
അതിനു ശേഷം ഇന്ത്യൻ സേനയുടെ പുതിയ സേനാ വാഹനങ്ങളോടും ആയുധങ്ങളോടും കൂടിയുള്ള സൈനിക പരേഡും സംഘടിപ്പിക്കും. ലോകം മുഴുവനും ഭീകരാക്രമണത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ സ്ഫോടന പരമ്പരകൾ അരങ്ങേറുമ്പോൾ ഇന്ത്യൻ സൈനിക ദിനത്തിന് അതിന്റേതായ പ്രാധാന്യവും പ്രത്യേകതകളും ഉണ്ട്. പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം മുക്തമാകും മുമ്പേ രാജ്യം വീണ്ടും ഭാകരാക്രമണത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ പത്താൻകോട്ട് വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് മുമ്പിൽ പ്രണാമമർപ്പിച്ചു കൊണ്ട് രാജ്യത്തിന്റെ കാവൽഭടന്മാർക്ക് പ്രതീക്ഷയോടെ നേരാം സൈനിക ദിവസ് ആശംസകൾ

നാഷണൽ കേഡറ്റ് കോർ


നാഷണൽ കേഡറ്റ് കോർ
NCC Crest
Active
ഏപ്രിൽ 16, 1948 - ഇതുവരെ
Role
Student Uniformed Group
Headquarters
DG NCC, R.K. Puram, New delhi
Motto
एकता और अनुशासन
Unity and Discipline
Commanders
Director General
Lieutenant General Aniruddha Chakravarty, AVSM[1]

എൻ.സി.സി. പരേഡ്
ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി പ്രവർത്തിക്കുന്ന സംഘടനകളിലൊന്നാണ്നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി.. സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്.എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു. ചിട്ടയായ പരേഡും ലഘുവായിട്ടുള്ള ആയുധോപയോഗവുമെല്ലാം എൻ.സി.സി. വഴി കേഡറ്റുകൾക്ക് ലഭിക്കുന്നു. ഒത്തൊരുമയും അച്ചടക്കവും (एकता और अनुशासन)എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം. ന്യൂ ഡൽഹിയാണ്എൻ.സി.സി.യുടെ ആസ്ഥാനം. എൻ.സി.സി.യിൽ കര, നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്.
1948 ജുലായ് 15-ന് സ്ഥാപിക്കപ്പെട്ടു.1917- തുടങ്ങിയ "യൂണിവേഴ്സിറ്റി കോർപ്സ്"-ആണ് എൻ.സി.സി.യുടെ മുൻഗാമി.ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.ഇത് ഒരു ഇന്ത്യൻ അർധ സൈനിക വിഭാഗമാണ്.1946- നിയമിക്കപ്പെട്ട എച്ച്,എൻ.ഖുസ്രു കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഇത് സ്ഥാപിക്കപ്പെട്ടത്.
ഡിസംബർ മാസത്തിലെ അവസാന ഞായറാഴ്ചയാണ് എൻ.സി.സി ദിവസമായി ആചരിക്കുന്നത്.


1946- നിയമിക്കപ്പെട്ട എച്ച്.എൻ.ഖുസ്രു കമ്മിറ്റിയുടെ നിർദ്ദേശപ്രകരമാണ് എൻ.സി.സി. സ്ഥാപിക്കപ്പെട്ടത്.

എൻ.സി.സി.യുടെ ലക്ഷ്യങ്ങൾ

1.   യുവാക്കൾക്കിടയിൽ സ്വഭാവഗുണം , ധൈര്യം , സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സന്നഗ്ധസേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും.
2.   സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും.
3.   യുവാക്കൾക്കിടയിൽ സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക.